പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ഇനിയും നാല് ഘട്ടങ്ങളോടെ തെരഞ്ഞെടുപ്പ് അവസാനിക്കും. തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ ദേശീയതലത്തിലോ അന്തര്‍ദേശീയ തലത്തിലോ യാതൊരു സംശയവും ആര്‍ക്കുമില്ല. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വീണ്ടും അധികാരത്തില്‍ വരും എന്നു മാത്രമല്ല, ലോകത്തിന്റെ നെറുകയിലേക്ക് അദ്ദേഹം ഭാരതത്തെ നയിക്കും എന്ന കാര്യത്തിലും സംശയമില്ല. ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാട്ടാനാവാതെ പരസ്പരം പോരടിച്ച്, ചെളിവാരിയെറിഞ്ഞ് തമ്മില്‍ മത്സരിക്കുന്ന ഇന്‍ഡി സഖ്യമാണ് ബിജെപിയെ എതിരിടാന്‍ രംഗത്തുണ്ടായിരുന്നത്. ദേശീയതലത്തില്‍ ഇന്‍ഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചിട്ടു പോലും അദ്ദേഹത്തിന് എതിരെ സഖ്യകക്ഷിയായ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നു.
ദേശീയതലത്തില്‍ തന്നെ ഒരുകാര്യം എല്ലാ നേതാക്കള്‍ക്കും വ്യക്തമാണ്. വരുന്ന ഏതാനും ദശാബ്ദങ്ങള്‍ ഭാരതത്തിന്റെ സുവര്‍ണ്ണ കാലമാണ്. ആ ഭരണത്തിന് നേതൃത്വം നല്‍കുന്നത് ബിജെപി ആയിരിക്കും എന്നകാര്യത്തിലും ആര്‍ക്കും സംശയമില്ല. കോണ്‍ഗ്രസ് ഇന്ന് ഉപ്പുവെച്ച മണ്‍കലം പോലെ ജീര്‍ണിച്ചിരിക്കുന്നു. കൊള്ളാവുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഭൂരിപക്ഷവും ബിജെപിയിലേക്ക് എത്തിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിന് അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിന് അധികാരത്തിലേറാം എന്നോ അല്ലെങ്കില്‍ ബിജെപിക്ക് ശക്തിയായ ഒരു മത്സരം നല്കാന് കഴിയുന്ന സംഘടനാ സംവിധാനമായി മാറാന്‍ കഴിയുമെന്നോ ഉള്ള പ്രതീക്ഷ ഇന്ന് കോണ്‍ഗ്രസില്‍ ഇല്ല. മാത്രമല്ല, പ്രതിപക്ഷ നേതാവ് ഉണ്ടാകാനുള്ള ശക്തിയെങ്കിലും, അതായത് മൊത്തം ലോകസഭാ സീറ്റിന്റെ 10 ശതമാനമെങ്കിലും ഭാരതത്തില്‍ നിന്നു മുഴുവനുമായി സമാഹരിക്കാനുള്ള ശേഷി പോലും കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസിനുണ്ടായില്ല. അതേസമയം വ്യാജ ഗാന്ധി കുടുംബപേരില്‍ നെഹ്റു കുടുംബത്തിന്റെ കൈവശം പാര്‍ട്ടിയും അധികാരവും മാത്രമല്ല, പാര്‍ട്ടിയുടെ സ്വത്തു പോലും നിലനിര്‍ത്താനുള്ള ശ്രമമാണ് സോണിയയും രാഹുലും പ്രിയങ്കയും ഇന്നുനടത്തുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇത് വ്യക്തമായി കണ്ടതാണ്. ആയിരക്കണക്കിന് കോടി രൂപ വിലയുള്ള ദല്‍ഹിയിലെയും മുംബൈയിലെയും കണ്ണായ പ്രദേശങ്ങള്‍ തുച്ഛമായ കോടികള്‍ക്ക് പോക്കറ്റ് കമ്പനി ഉണ്ടാക്കി സ്വന്തമാക്കിയതും രാഹുലും സോണിയയും ചേര്‍ന്നാണ്. കുടുംബവാഴ്ചയ്ക്കെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ഉയരുകയും പാളയത്തില്‍ പട ഉടലെടുക്കുകയും ചെയ്തതാണ്. സോണിയ നേരിട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പാളയത്തിലെ പട ഒതുക്കിയെങ്കിലും ഒരു ചടുലമായ സംഘടനാ സംവിധാനത്തോടെ ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമായ, ശക്തമായ പ്രതിപക്ഷം എന്ന നിലയിലേക്ക് ഉയരുന്നതില്‍ കോണ്‍ഗ്രസ് പൂര്‍ണമായും പരാജയപ്പെട്ടു. ഈ പരാജയമാണ് ഇന്ന് ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിനു കാരണം.
ഇന്ന് ബിജെപി ദേശീയതലത്തില്‍ തന്നെ സാധാരണക്കാരില്‍ സാധാരണക്കാരിലേക്ക് ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. ആര്‍ക്കെങ്കിലും മാറ്റിനിര്‍ത്താനോ അവഗണിക്കാനോ തള്ളിപ്പറയാനോ പറ്റുന്ന ഒരു സംവിധാനമല്ല ഇന്ന് ബിജെപി. ദേശീയതലത്തിലുള്ള ഈ മാറ്റം കേരളത്തിലും പ്രകടമാണ്. പദവിയും സമ്പത്തും അഴിമതിയും അഴിമതി നടത്താനുള്ള അവസരങ്ങളുമാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്തുന്നതെങ്കില്‍ സേവന സന്നദ്ധതയും ദേശീയ താല്പര്യവും സ്വയം സമര്‍പ്പണവുമാണ് ബിജെപിയിലേക്ക് പ്രവര്‍ത്തകരെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഘടകം. എ.പി.അബ്ദുല്ലക്കുട്ടിയും അനില്‍ ആന്റണിയും പത്മജാ വേണുഗോപാലും അടക്കം പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലും ബിജെപിയിലേക്ക് എത്തിയിരിക്കുന്നു. യുഡിഎഫിലും എല്‍ഡിഎഫിലും പ്രവര്‍ത്തിച്ച കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായ പി.സി.ജോര്‍ജ്ജും ഇടതുപക്ഷത്തിന്റെ മുന്നണി പോരാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അല്‍ഫോണ്‍സ് കണ്ണന്താനവും ഒക്കെ ബിജെപിയിലേക്ക് ചേക്കേറി. ഈ മാറ്റം കേരള രാഷ്ട്രീയത്തില്‍ പുതുനാമ്പു തന്നെയാണ്. എല്ലാ കാലവും വേലിക്ക് പുറത്ത് നിര്‍ത്തേണ്ട, അകറ്റി നിര്‍ത്തേണ്ട ശക്തിയാണ് ബിജെപി എന്ന ചിന്ത ഇന്ന് സാധാരണ ജനങ്ങളില്‍ ഇല്ല. അതുകൊണ്ടുതന്നെ സാധാരണക്കാരായ ധാരാളം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് എത്തുന്നുമുണ്ട്.
ബിജെപിയുടെ കേരള പ്രഭാരിയായ പ്രകാശ് ജാവഡേക്കറുമായി ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന് നടത്തിയ ചര്‍ച്ചയും ഈ ദൃഷ്ടിയില് വേണം കാണാന്‍. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും സംഘടനകളിലെ അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും പടല പിണക്കങ്ങളും കാരണം മറ്റു രാഷ്ട്രീയ കക്ഷികളിലേക്ക് ചേക്കേറാറുണ്ട്. ഇതില്‍ അസ്വാഭാവികത കാണേണ്ട കാര്യമില്ല. പിന്നെയുള്ളത് ആദര്‍ശപരമായ അഭിപ്രായ വ്യത്യാസങ്ങളാണ്. ഒരു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ ആദര്‍ശപരമാേ ആശയപരമോ ആയ വ്യത്യാസം ഇന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്ന് കരുതാനാവില്ല. പാലോറ മാതയുടെ പശുവിനെ വിറ്റ കാശുകൊണ്ട് തുടങ്ങിയ ദേശാഭിമാനി അല്ല ഇന്നത്തെ ദേശാഭിമാനി. പാര്‍ട്ടി ഓഫീസിന്റെ തടി ബെഞ്ചില്‍ ഉറങ്ങിയിരുന്ന ആര്.സുഗതന്റെയും പി. കൃഷ്ണപിള്ളയുടെയും പഴയ പ്രസ്ഥാനവും അല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ ആദര്‍ശ ജീവിതങ്ങള്‍ ആരെങ്കിലും ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ബാക്കിയുണ്ടോ? സാധാരണക്കാരായ, സ്വന്തം കാര്യം പരമപ്രധാനമായി നോക്കുന്ന, അഴിമതിയും ആര്‍ഭാടവും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരിലപ്പുറം എന്ത് മഹാത്മ്യവും നേട്ടവുമാണ് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഇന്ന് ഉയര്‍ത്തിക്കാട്ടാനുള്ളത്?
സ്വന്തം മകള്‍ക്ക് കോളജില്‍ ഉടുത്തു പോകാന്‍ മൂന്ന് വോയില്‍സാരി കടം കൊടുക്കണമെന്ന് ചാലയിലെ വ്യാപാരിക്ക് കത്തെഴുതിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ സ്ഥാനത്ത്, മകളുടെ കമ്പനിക്ക് മാസപ്പടി കൊടുത്താലേ സംസ്ഥാനത്ത് വ്യവസായം മുന്നോട്ടു കൊണ്ടു പോകാനാകൂ എന്ന അവസ്ഥയിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം വഴിമാറിയിരിക്കുന്നു. മാസപ്പടി പ്രശ്നം കാര്യമായ ചര്‍ച്ചയാകാതെ, സ്വന്തം മകളുടെ വ്യവസായം തന്റെ ഭാര്യയുടെ പെന്ഷന് കാശുകൊണ്ട് കെട്ടിപ്പടുത്തതാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരാളുപോലും ഉണ്ടായില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ഏറ്റവും പുതിയ ജീര്‍ണ്ണതയുടെയും തകര്‍ച്ചയുടെയും ആഴവും പരപ്പും പ്രകടമാക്കുന്നത്. സാധാരണക്കാരുടെ ജീവിതം വെച്ച് പണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാഷ്ട്രീയം കളിച്ചിരുന്നില്ല. അമരാവതി സത്യാഗ്രഹത്തിന് ഇറങ്ങിയ എ.കെ. ഗോപാലനില്‍ ഒക്കെ അന്നത്തെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഇന്ന് ആ തരത്തില്‍ പ്രതീക്ഷ അര്‍പ്പിക്കാവുന്ന എത്ര നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉണ്ട്?
പലരും വഴിമാറി ചിന്തിക്കുകയാണ്. ഇ. പി. ജയരാജന്, പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവം ഈ രീതിയിലും വിലയിരുത്തി കൂടെ. ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയിലും പ്രത്യയശാസ്ത്രം എന്ന നിലയിലും കമ്മ്യൂണിസം എരിഞ്ഞടങ്ങിയിരിക്കുന്നു. കേരളത്തില്‍ മാത്രം കൂട്ടുകക്ഷിയായി ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണയോടെ അവരുടെ കാവലാളായി അവരുടെ അഭയകേന്ദ്രമായി മാറിയിരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഈ ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പ് പറയാന്‍ കഴിയുമോ? കെ.ടി. ജലീല്‍ മുതല്‍ മുഹമ്മദ് റിയാസ് വരെയുള്ളവരെ പാര്‍ട്ടി പട്ടം കൊടുത്ത് മുന്പില് എഴുന്നള്ളിച്ച് നിര്‍ത്തി. ഇസ്ലാമിക ഭീകരതയ്ക്ക് മുന്‍ഗണന കൊടുക്കുന്ന സംവിധാനം ഇല്ലെങ്കില്‍ എത്രകാലം ഇനി സിപിഎമ്മിന് മുന്നോട്ട് പോകാന്‍ കഴിയും? ദേശീയ പാര്‍ട്ടി എന്ന നിലയിലുള്ള അംഗീകാരം ഈ തെരഞ്ഞെടുപ്പോടെ തീരുമാനമാകും. അന്താരാഷ്ട്രതലത്തില്‍ കമ്മ്യൂണിസം ഏതാണ്ട് ഇല്ലാതായിരിക്കുന്നു. ഷാങ്ഹായിലും ചൈനയിലും അമേരിക്കയെയും വെല്ലുന്ന മുതലാളിത്തമാണ്. അധികാരം കയ്യടക്കാന്‍ ഏകാധിപതിയായ സര്‍വ്വാധിപതി ആകാനുള്ള മാര്‍ഗം എന്ന നിലയില്‍ മാത്രമാണ് ഇന്ന് ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്ളത്. റഷ്യയിലെ കാര്യം പറയുകയേ വേണ്ട. ഈ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടാകും എന്നത് സ്വാഭാവികമാണ്.
ദേശീയതയുടെയും സ്വാവലംബനത്തിന്റെയും പ്രസ്ഥാനം എന്ന നിലയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അഭയം കണ്ടെത്തിയാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. ആര്‍ക്കും ബിജെപിയിലേക്ക് വരാം. സ്ഫടിക നിര്‍മ്മലമായ, സ്വച്ഛന്ദ സുന്ദരമായ ഗംഗ പോലെ ആരെയും ശുദ്ധീകരിക്കാനും സ്വാംശീകരിക്കാനും ഉള്ള കഴിവ് ബിജെപിക്ക് ഉണ്ട്. ചര്‍ച്ചകള്‍ തുടരട്ടെ. ജയരാജന് മാത്രമല്ല ഇനിയും ധാരാളം പേര് ബിജെപിയിലേക്ക് വരട്ടെ. കേരളത്തിലും ഒരു യുഗപരിവര്‍ത്തനത്തിന്റെ അടയാളമാണ് ബിജെപിയുടെ വളര്‍ച്ചയും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ സൂചനകളും നല്‍കുന്നത്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്നും മാത്രമല്ല, ദേശീയ മുസ്ലിംകളില് നിന്നും െ്രെകസ്തവരില്‍ നിന്നും ഒക്കെ കൂടുതല്‍ ആളുകള്‍ ദേശീയതയുടെ കരുത്തും കാവലും ആയ ബിജെപിയിലേക്ക് ഒഴുകണം. കാതോര്‍ക്കാം കാത്തിരിക്കാം ആ നാളെക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: