മുംബൈ: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെ ബിജെപി പ്രവേശന വിവാദത്തില്‍ വെളിപ്പെടുത്തലുമായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി ജാവദേക്കര്‍ വെളിപ്പെടുത്തി.
കേരളത്തിൽ സിപിഎമ്മിന് ഒരു എംപിമാത്രമേയുളളു. ബാക്കിയുളളവരുമായും ചർച്ച നടത്തിയിരുന്നതായി ജാവദേക്കര്‍ തുറന്നടിച്ചു. കോൺഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇ പി ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്കു പോകുന്നുവെന്ന് ആക്ഷേപിക്കുകയും സിപിഎമ്മിനേ നിലപാടുള്ളുവെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇ.പി. ജയരാജന് ബിജെപി നേതാക്കളുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. ഇ.പി. ജയരാജന് പൊതുവേ ജാഗ്രതക്കുറവുള്ളയാളാണെന്നും ബിജെപി നേതാക്കളെ കാണുന്നത് തെറ്റല്ലെന്നും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ബിജെപിയുമായുള്ള ചര്‍ച്ചയെ കാര്യമായി കാണേണ്ടെന്ന നിലപാടാണ് എടുത്തത്. എന്നാല്‍, എല്‍ഡിഎഫിന്റെ കണ്‍വീനറായിരിക്കെയാണ് എതിര്‍പക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും വിഷയമായിക്കഴിഞ്ഞു.
ശ്വാസോച്ഛ്വാസത്തില്പോലും എല്‍ഡിഎഫിന് ബിജെപി വിരോധമാണെന്ന് സിപിഎം നേതാവും മന്ത്രിയുമായ മുഹമ്മദ് റിയാസ് പ്രസ്താവിച്ചത് ജയരാജനെ തള്ളിപ്പറയാനുള്ള സിപിഎം നേതൃത്വത്തിന്റെ തുടക്കമായാണ് കരുതപ്പെടുന്നത്. പാര്‍ട്ടി സെക്രട്ടറി നടത്തിയ കേരള യാത്രയില്‍നിന്ന് വിട്ടുനിന്നത്, ഭാര്യക്കും മകനും വൈദേഹം ഹോസ്പിറ്റാലിറ്റി ബിസിനസില്‍ പങ്കാളിത്തമുള്ളത്, സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍നിന്ന് ദേശാഭിമാനിക്ക് ഫണ്ടു വാങ്ങിയത് തുടങ്ങിയ വിഷയങ്ങളും ബിജെപി ചര്‍ച്ചയും ജയരാജന്റെ പാര്‍ട്ടിയിലെ എതിരാളികള്‍ പാര്‍ട്ടി വേദിയില്‍ ഉയര്‍ത്തിക്കഴിഞ്ഞു.
എന്നാല്‍, പിണറായി വിജയന്റെ ഇത്തരത്തിലുള്ള ഇടപാടുകള്‍ വിഷയമാക്കി പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി അണിയറയില്‍ തുടങ്ങിയതായാണ് വിവരങ്ങള്‍. അതിനെത്തുടര്‍ന്നാണ് ഇ.പി. ജയരാജന് ചെയ്തത് അപരാധമല്ല, ജയരാജന് പാര്‍ട്ടി വിട്ടുപോകില്ല തുടങ്ങിയ വിശദീകരണങ്ങള്‍ പിണറായി നടത്തിയത്.
തെരഞ്ഞെടുപ്പുഫലം വരുന്നതോടെ സര്‍ക്കാര്‍ തലപ്പത്തും പാര്‍ട്ടിയിലും മുന്നണി നേതൃത്വത്തിലും അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: