തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ആരെന്ന് വ്യക്തമാക്കാതെ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത മാധ്യമ പ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തിന്റെ അവസാനമാണ് ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയത്.
മുഖാമുഖത്തില്‍ ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ഖാര്‍ഗെ പക്ഷേ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച പി.വി. അന്‍വറിനോ അന്‍വറിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനോ എതിരെ ഒരക്ഷരം പറഞ്ഞില്ല. ഇന്‍ഡി മുന്നണി അധികാരത്തിലെത്തുമെന്ന അവകാശപ്പെട്ട ഖാര്‍ഗെ കേരളത്തില്‍ ആകെ എത്ര സീറ്റ് കിട്ടുമെന്നൊ സംഘടന പ്രവര്‍ത്തനത്തെ കുറിച്ചോ വ്യക്തമാക്കിയില്ല.
തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ഡോ. ശശി തരൂരിനെ വാനോളം പുകഴ്ത്തിയ ഖാര്‍ഗെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ അടൂര്‍ പ്രകാശിനെ വിസ്മരിച്ചു. ഒടുവില്‍ എം.എം. ഹസ്സന് കുറിപ്പ് എഴുതി നല്‍കിയതിനു പിന്നാലെയാണ് ഖാര്‍ഗെ അടൂര്‍ പ്രകാശിന്റെ പേര് എടുത്തു പറഞ്ഞത്.
ഇതിനു പിന്നാലെയാണ് കേരളത്തിലെ മുഖ്യ എതിരാളി ആരെന്ന ചോദ്യം ഉയര്‍ന്നത്. എന്നാല്‍ മറുപടി കെപിസിസി നേതാക്കള്‍ നല്‍കുമെന്ന് പറഞ്ഞ് ഖാര്‍ഗെ തടിയൂരി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തിരുവനന്തപുരം ഉള്‍പ്പെടയുള്ള മണ്ഡലങ്ങളില്‍ താഴേക്കാണ് എന്ന ആരോപണം ഉയരുമ്പോളാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: