ന്യൂദല്‍ഹി: കരുവന്നൂര്‍ ബാങ്കുതട്ടിപ്പിനിരയായ നിക്ഷേപകര്‍ക്കു പണമെങ്ങനെ തിരികെക്കൊടുക്കാന്‍ കഴിയുമെന്നറിയാന്‍ താന്‍ നിയമോപദേശം തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മുന്നൂറോളം സഹകരണ ബാങ്കുകള്‍ ഇടതുപക്ഷ നിയന്ത്രണത്തിലുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലേത് വലിയ കുറ്റകൃത്യമാണ്. പെണ്മക്കളുടെ കല്യാണത്തിനും മറ്റുമുള്ള നിരവധി ആവശ്യങ്ങള്‍ക്ക് പാവപ്പെട്ടവര്‍ വളരെ കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയെടുത്ത പണമാണ് ചിലര്‍ തട്ടിയെടുത്തത്. കര്‍ഷകരുടെ, കൂലിപ്പണിക്കാരുടെ സമ്പത്താണ് നഷ്ടമായത്. കേരളത്തിലെ ഒരു ബാങ്കില്‍ നിന്ന് (കരുവന്നൂര്‍) തട്ടിയെടുത്ത 90 കോടി രൂപ ഇ ഡി കണ്ടുകെട്ടി. ഇതു തട്ടിപ്പിനിരയായവര്‍ക്ക് എങ്ങനെ തിരികെക്കൊടുമെന്നതില് ഞാന്‍ നിയമോപദേശം ആരാഞ്ഞിട്ടുണ്ട്. പണം ഏതു വിധേനയും അവര്‍ക്കു മടക്കി നല്‍കാനാണ് ശ്രമം. പാവങ്ങളുടെ പണം തട്ടിയെടുത്തവരുടെ വസ്തുക്കള്‍ പിടിച്ചെടുക്കുക തന്നെ ചെയ്യും. ഇങ്ങനെ രാജ്യത്തൊട്ടാകെ കണ്ടുകെട്ടിയത് 17,000 കോടി രൂപയാണ്. ഇതു നിക്ഷേപകര്‍ക്കു മടക്കിക്കൊടുത്തിട്ടുമുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു തെരഞ്ഞെടുപ്പു വിഷയമല്ല, സാധാരണക്കാരുടെ ജീവിത പ്രശ്നമാണ്., ഏഷ്യാനെറ്റ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
അഴിമതി വിരുദ്ധ നടപടികളുടെ പേരില്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇ ഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ തന്റെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുയാണെന്ന ആരോപണം മോദി നിഷേധിച്ചു. ഇ ഡി പല തരത്തിലുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസഥരുടെ, മയക്കുമരുന്നു മാഫിയകളുടെ… അങ്ങനെ പലതും. ഇ ഡി അന്വേഷിക്കുന്ന കേസുകളില്‍ വെറും മൂന്നു ശതമാനമാണ് രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടവ. 2014നു മുമ്പ് ഇ ഡി 1800 കേസുകളേ രജിസ്റ്റര്‍ ചെയ്തുള്ളൂ. എന്നാല്‍ 10 വര്‍ഷത്തിനിടെ 5000ല്‍ ഏറെ അഴിമതിക്കേസുകളാണ് ഇ ഡി എടുത്തത്. യുപിഎ കാലത്ത് വെറും 5000 കോടി രൂപയേ കണ്ടുകെട്ടിയുള്ളൂ. എന്നാല്‍ 2014നു ശേഷം ഇതുവരെയായി 1.25 ലക്ഷം കോടി രൂപ ഇ ഡി കണ്ടുകെട്ടി. ഇതു രാജ്യത്തിന്റെ സമ്പത്താണ്, ഇതു തെളിയിക്കുന്നത് ഇ ഡിയുടെ കാര്യക്ഷമതയും. അഴിമതി തടയണമെങ്കില്‍ ഇത്തരം ഏജന്‍സികളെ സ്വതന്ത്രമായി വിടണം. അവര്‍ അവരുടെ ജോലി ചെയ്യട്ടെ. അതില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുത്. ഇ ഡിയെ തടയാന്‍ പ്രധാനമന്ത്രിക്കു പോലും അധികാരമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: