മനില(ഫിലിപ്പീന്‍സ്): സമുദ്രമേഖലയിലെ ചൈനീസ് അവകാശവാദത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഫിലിപ്പീന്‍സ്. ജപ്പാനും യുഎസും ഫിലിപ്പീന്‍സും അടങ്ങുന്ന ത്രിരാഷ്ട്ര ഉച്ചകോടിക്കെതിരായ ചൈനീസ് നിലപാട് അനാവശ്യമായ കടന്നുകയറ്റമാണെന്ന് മനില മുന്നറിയിപ്പ് നല്‍കിയത്. ദക്ഷിണ ചൈനാ കടലിലെയും പടിഞ്ഞാറന്‍ ഫിലിപ്പീന്‍സ് കടലിലെയും സമാധാനാന്തരീക്ഷവും സ്ഥിരതയും തകര്‍ക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് മനില ആരോപിച്ചു.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് ഫിലിപ്പീന്‍സിന്റെ അവകാശമാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഉച്ചകോടി ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി എന്നിവ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് ഫിലിപ്പീന്‍സ് വിദേശകാര്യ മന്ത്രാലയം ഇന്നലെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയ താത്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തിനും അനുസൃതമായി അമേരിക്കയുമായുള്ള സഖ്യവും ജപ്പാനുമായുള്ള പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്നത് ഫിലിപ്പീന്‍സിന്റെ പരമാധികാരത്തില്‍ പെടുന്നതാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന് അനുസൃതമാണ്, പ്രസ്താവനയില്‍ പറയുന്നു. ത്രിരാഷ്ട്ര ഉച്ചകോടിയെ ചൈന എതിര്‍ക്കുന്നത് സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിനും ചേരുന്നതല്ല. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ചൈനയാണ്. സമുദ്ര പരിധിക്കുമേല്‍ ചൈന ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ അപലപനീയമാണ്, ഫിലിപ്പീന്‍സ് ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 11ന് ചേര്‍ന്ന ഉച്ചകോടി മൂന്ന് രാജ്യങ്ങള്‍ക്കും ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക സഹകരണം വിപുലമാക്കുന്നതിനും ഫിലിപ്പൈന്‍ വികസന ലക്ഷ്യങ്ങള്‍ക്കുള്ള പിന്തുണ നല്‍കുന്നതിനും അവസരം നല്‍കിയെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: