ന്യൂദല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കു കപ്പല്‍ എസ്എസ് സി ഏരീസിലെ ഭാരതീയരെല്ലാം സുരക്ഷിതരെന്ന് ഭാരതത്തിലെ ഇറാന് അംബാസഡര്‍ ഇറാജ് ഇലാഹി. ജീവനക്കാര്‍ ആരും തടവിലല്ല. ഇവരെ വിട്ടയയ്ക്കും. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.
എംഎസ് സി എരീസിലെ ഭാരതീയരായ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ മോചിപ്പിക്കും പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്തെ കാലാവസ്ഥ വളരെ മോശമാണ്. അത് സാധാരണ ഗതിയിലായാല്‍ ഭാരതീയരെ മോചിപ്പിക്കുമെന്ന് ഇറാന് പ്രതിനിധി അറിയിച്ചു. ഭാരതീയരെക്കൂടാതെ പാകിസ്ഥാന്, റഷ്യ, ഫിലീപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരും സുരക്ഷിതരാണെന്ന് ഇറാജ് ഇലാഹി അറിയിച്ചു.
ഇറാന് കപ്പല്‍ പിടികൂടിയതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇറാന് വിദേശമന്ത്രാലയവുമായി ഫോണില്‍ സംസാരിക്കുകയും ഭാരതീയരെ കാണാന്‍ രാജ്യത്തുനിന്നുള്ള ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീറാബ്ദുള്ളാഹിയാന് ജീവനക്കാരെ കാണാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇറാന് അധികൃതരുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്. ഭാരതീയരെ കപ്പലില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചിരുന്നു.
തങ്ങള്‍ സുരക്ഷിതരാണെന്നും ഇറാന് സൈന്യം ജീവനക്കാരോട് നല്ല രീതിയിലാണ് പെരുമാറുന്നതെന്നും നിലവിലെ ജോലി ചെയ്യുന്നത് തുടരുകയാണെന്നും കപ്പലിലെ മലയാളികളായ ജീവനക്കാര്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ അറിയിച്ചിരുന്നു.
ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് എംഎസ് സി ഏരീസെങ്കിലും ഇസ്രയേല്‍ ബന്ധത്തിലാണ് ഇറാന്റെ പിടിയിലാകുന്നത്. പേര്‍ഷ്യന്‍ തീരത്തിന് സമീപത്തുവെച്ച് ഏപ്രില്‍ 13നാണ് ചരക്കുകപ്പലിനെ ഇറാന് സൈന്യം പിടികൂടുന്നത്.
25 ജീവനക്കാരില്‍ 17 പേര് ഭാരതീയരാണ്. ഇതില്‍ നാല് പേര് മലയാളികളാണ്. എപ്രില്‍ ഒന്നിന് ദമാസ്കസിലെ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന സംശയത്തെ തുടര്‍ന്നാണ് ഇറാന് ഇസ്രയേലിനു നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: