ഗുരുവായൂര്‍: മേടപുലരിയില്‍ പൊന്നുണ്ണിക്ക് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം നല്‍കും. ഇന്ന് രാത്രി അത്താഴപൂജയ്ക്കും, തൃപ്പുകയ്ക്കും ശേഷം, ക്ഷേത്രം കീഴ്ശാന്തി നമ്പൂതിരിമാര്‍ ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ ഓട്ടുരുളിയില്‍ കണിക്കോപ്പൊരുക്കും. വാല്‍ക്കണ്ണാടി, ഗ്രന്ഥം, സ്വര്‍ണ്ണം, വെള്ളവസ്ത്രം, കണികൊന്ന, വെളുത്ത പുഷ്പം (മുല്ല, നന്ത്യാര്‍വട്ടം), വെള്ളരിയ്ക്ക, മാമ്പഴം, ചക്ക, ഉണങ്ങല്ലരി, നാണയം, നാളികേരമുറിയില്‍ നെയ്യ്തിരി എന്നിവ വച്ചാണ് ഭഗവാന് കണിയൊരുക്കുക. ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ തെക്കുഭാഗത്ത് ഭഗവാന്റെ ശീവേലി തിടമ്പ് സ്വര്‍ണ്ണസിംഹാസനത്തില്‍ എഴുന്നെള്ളിച്ചുവെയ്ക്കും. ഭഗവാന്റെ തങ്കതിടമ്പിനുപുറകിലായി നെറ്റിപട്ടം, വെഞ്ചാമരം, ആലവട്ടം എന്നിവയാല്‍ അലങ്കരിക്കും.
അലങ്കാരത്തോടുകൂടിയ സ്വര്‍ണതിടമ്പ് പൊന്‍പീഠത്തില്‍ എഴുന്നെള്ളിച്ച് വെച്ചാണ് കണിക്കോപ്പൊരുക്കുക. ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂധനന് നമ്പൂതിരി, അദ്ദേഹത്തിന്റെ മുറിയില്‍ കണികണ്ടശേഷം, പുലര്‍ച്ചെ 2.15ന് ക്ഷേത്രം മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിക്കും. തുടര്‍ന്ന് ഒരുക്കിവെച്ചിട്ടുള്ള തേങ്ങാമുറിയിലെ നെയ്യ്തിരി കത്തിച്ച് ശ്രീഗുരുവായൂരപ്പനെ കണികാണിയ്ക്കും. ഭഗവാനെ കണികാണിച്ചശേഷം, മേല്‍ശാന്തി ശ്രീഗുരുവായൂരപ്പന് ആദ്യ വിഷുകൈനീട്ടം സമര്‍പ്പിയ്ക്കും. അതോടൊപ്പം വിഷുകണി ദര്‍ശനത്തിനായി തിരുനട തുറക്കും.
ശ്രീലക വാതില്‍ തുറക്കുന്നതോടെ കണി ദര്‍ശനത്തിനായി ഭക്തജനപ്രവാഹവും തുടങ്ങും. തുടര്‍ന്ന് കൊട്ടോടെ ഭഗവാന്റെ തിടമ്പ് ശ്രീലകത്തേയ്ക്കെടുക്കും. ഇതോടെ വിഷുകണി ദര്‍ശനം പൂര്‍ണ്ണമാകും. കുരുത്തോല, കണികൊന്ന എന്നിവകൊണ്ട് കൊടിമരത്തിന് സമീപവും അലങ്കരി്ക്കും. ഇന്ന് ക്ഷേത്രത്തില്‍ സമ്പൂര്‍ണ നെയ് വിളക്കാണ്. പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തില്‍ മൂന്ന് നേരവും നടക്കുന്ന എഴുന്നെള്ളിപ്പില്‍ ദേവസ്വത്തിലെ ഒന്നാംനിര കൊമ്പന്മാര് അണിനിരക്കും.
വിഷുദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിഭവസമൃദ്ധമായ വിഷുസദ്യയും ഒരുക്കിയിട്ടുണ്ട്.
സന്ധ്യക്ക് ദീപാരാധനക്ക് ശേഷം തൃത്തായമ്പക, കേളി, നാദസ്വരം, ദീപാലങ്കാരം എന്നിവയുമുണ്ടാകും. വൈകീട്ട് വാതാലയേശന്റെ അകത്തളം, നറുനെയ്യിന്റെ നിറശോഭയില്‍ തെളിഞ്ഞുനില്ക്കും. വിഷു വിളക്കാഘോഷം ലണ്ടനിലെ വ്യവസായിയായ ഗുരുവായൂര്‍ സ്വദേശി പരേതനായ തെക്കുമുറി ഹരിദാസിന്റെ വഴിപാടാണ്. വിഷുദിനത്തിലെ ഭക്തരുടെ തിരക്ക് പരിഗണിച്ച് ഭക്തര്‍ക്ക് സുഗമമായ വിഷുക്കണി ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്മാന് ഡോ: വി.കെ. വിജയനും, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: