”അധികാരം എല്ലാക്കാലത്തേക്കുമുള്ളതാണെന്നാണ് മമതയുടെ ധാരണ. അത് മാറും. അങ്ങനെ കരുതിയാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ബംഗാള്‍ ഭരിച്ചത്. ഇപ്പോള്‍ കൊടിയും പൊടിയും കാണാത്തവിധം രണ്ടും ഇല്ലാതായി. മമതാ ബാനര്‍ജിയുടെ രാഷ്ട്രീയവും അവസാനിക്കും. അത് അവരുടെ അഹന്തയെ എക്കാലത്തേക്കും അവസാനിപ്പിക്കാനുള്ള പോരാട്ടമാണ്…” ഹൂഗ്ലിയില്‍ ലോക്കറ്റ് ചാറ്റര്‍ജി ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പിന്നില്‍ ബംഗാളിലെയാകെ സ്ത്രീശക്തിയുടെ കരുത്തുണ്ട്.
ലോക്കറ്റ് ചാറ്റര്‍ജി ഹൂഗ്ലിയുടെ സ്വന്തമാണ്. ജനപ്രതിനിധിയെന്ന നിലയില്‍ മാത്രമല്ല തികഞ്ഞ പോരാളി എന്ന നിലയിലും ലോക്കറ്റ് ജനങ്ങളില്‍ ആവേശം നിറയ്ക്കുന്നു.
മമതയുടെ അഴിമതിക്കും അക്രമങ്ങള്‍ക്കുമെതിരെ ബംഗാളിലുടനീളം ആഞ്ഞടിച്ച പ്രക്ഷോഭക്കൊടുങ്കാറ്റിന് നേതൃത്വം നല്കാന് ലോക്കറ്റ് ഉണ്ടായിരുന്നു. വെള്ളിത്തിരയിലെ തിളക്കത്തില്‍ നിന്ന് പൊതുരാഷ്ട്രീയജീവിതത്തിലേക്ക് ഇറങ്ങിയപ്പോള്‍ സീസണ്‍ഡ് രാഷ്ട്രീയക്കാരി എന്ന് അധിക്ഷേപിച്ചവര്‍ക്ക് മറുപടിയാവുകയായിരുന്നു ലോക്കറ്റിന്റെ സമരങ്ങള്‍. പൊതുനിരത്തില്‍ ജനങ്ങള്‍ക്കൊപ്പം അവര്‍ പ്രതിഷേധത്തിന്റെ മുഖമായി. പോലീസിന്റെ തല്ലുകൊണ്ടു. പല തവണ ജയിലില്‍ പോയി. സാധാരണക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച അധികാരകേന്ദ്രങ്ങളിലേക്ക് അവരുടെ കൈയും പിടിച്ച് നടന്നുകയറി. ആട്ടക്കാരി എന്നാണ് നര്‍ത്തകി കൂടിയായ ലോക്കറ്റിനെ മമത കടന്നാക്രമിച്ചത്. മറുപടി ചാട്ടുളിയായിരുന്നു. വീല്‍ച്ചെയറിലേറി മമത തെരഞ്ഞെടുപ്പ് കാലത്ത് ആടുന്ന ആട്ടത്തില്‍ കൂടുതല്‍ ആര്‍ക്ക് ആടാനാവും എന്നതായിരുന്നു ചോദ്യം.
ലോക്കറ്റിനെ വീഴ്ത്തുമെന്ന് വാശി കെട്ടിയ മമത ഇക്കുറി ഹൂഗ്ലിയില്‍ രചന ബാനര്‍ജിയെന്ന സിനിമാനടിയെ രംഗത്തിറക്കിയിരിക്കുന്നു. ജനം പക്ഷേ സന്ദേശ്ഖാലിയിലെ പോരാളിക്കൊപ്പമാണ്. ഒടുവില്‍ അക്രമത്തിന്റെ പതിവ് പാ
തയിലാണ് മമതയും തൃണമൂലും. കഴിഞ്ഞ ദിവസമാണ് ഹൂഗ്ലിയില്‍ ലോക്കറ്റിന്റെ പര്യടന വാഹനത്തിന് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അക്രമമഴിച്ചുവിട്ടത്. വാഹനത്തിന്റെ സീറ്റുകള്‍ കുത്തിക്കീറിയ അക്രമികള്‍ ലോക്കറ്റ് ചാറ്റര്‍ജിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അക്രമം കൊണ്ട് ജയിക്കാമെന്നത് മമതയുടെ തോന്നലാണ്. ബംഗാള്‍ മാറുകയാണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. തോല്‍വിയുടെ നിലയില്ലാ കയത്തിലേക്ക് ബംഗാളിലെ മുഴുവന്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളും താണുപോകും, അത് സംഭവിക്കുന്നതിന്റെ ലക്ഷണമാണ് അക്രമങ്ങള്‍, ലോക്കറ്റ് ചാറ്റര്‍ജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: