കോഴിക്കോട്: നുണപ്രചരിപ്പിച്ച് അത് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് അതിനുപിന്നില്‍ ഒളിക്കകയാണ് കേരളത്തിലെ ഇടതു സര്‍ക്കാരെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി. ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന് പുനശ്ചിന്ത വേണം, ലേഖി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ എങ്ങനെ കാര്യങ്ങള്‍ മാനേജ് ചെയ്യുന്നുവെന്നതാണ് പ്രധാനം. ഒരു വീട് നടത്തിക്കൊണ്ടുപോകുന്നതുപോലെ സൂക്ഷ്മമായി കാര്യങ്ങള്‍ ചെയ്യണം. ഗൃഹനാഥന്‍ നല്‍കുന്ന പണമെല്ലാം പലവഴിയില്‍ ദുര്‍വിനിയോഗം ചെയ്തിട്ട്, പിന്നെയും പണം ചോദിക്കുന്ന വീട്ടമ്മയെപ്പോലെയാകരുത്. കോണ്‍ഗ്രസാകട്ടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ, എല്‍ഡിഎഫ്-
യുഡിഎഫ് മുന്നണികളാകട്ടെ, ഭരണത്തില്‍ പിടിപ്പുകേടാണ് കാണിച്ചിരിക്കുന്നത്. ബിജെപിക്ക് എന്താണ് ബദല്‍ എന്ന ചോദ്യത്തിന് ആദ്യം കേരളത്തിലെ ജനങ്ങള്‍ തീരുമാനമെടുക്കട്ടെ എന്നാണ് ഇപ്പോള്‍ മറുപടിപറയാനുള്ളത്.
കേരളത്തോട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രാഷ്‌ട്രീയ വിവേചനം കാണിക്കുന്നുവെന്നാണ് ആക്ഷേപം പറയുന്നത്. പക്ഷേ കണക്കുകള്‍ പറയുന്നത് അങ്ങനെയല്ല. കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവന്ന ബജറ്റ് വിഹിതത്തിന്റെ തോത് കഴിഞ്ഞ് 10 വര്‍ഷംകൊണ്ട് മുന്‍ വര്‍ഷങ്ങളില്‍നിന്ന് 236 ശതമാനം വര്‍ധിച്ചു. ധന സഹായത്തില്‍ വര്‍ദ്ധന 400 ശതമാനമാണ്. അപ്പോള്‍പ്പിന്നെ എങ്ങനെയാണ് രാഷ്‌ട്രീയ വിവേചനം എന്ന് പറയുന്നത്. അതിന് സംസ്ഥാനസര്‍ക്കാര്‍ മറുപടി പറയണം.
എന്നിട്ടും എങ്ങിനെ കടക്കെണിയിലായി
ഏറ്റവും വിദ്യാസമ്പന്നരുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ പേര്‍ പഠിക്കാന്‍ വിദേശത്ത് പോകുന്നതും ഏറ്റവും പേര്‍ വിദേശത്ത് ജോലി ചെയ്യുന്നതും കേരളത്തില്‍നിന്നുള്ളവരാണ്. ഏറ്റവും സ്വര്‍ണം വാങ്ങുന്നവര്‍ കേരളത്തിലാണ്. കേരളീയര്‍ കഠിനാധ്വാനികളാണ്, തൊഴില്‍ നൈപുണിയുള്ളവരാണ്. എന്നിട്ടും കേരളം എന്തുകൊണ്ട് കടക്കെണിയിലായി. കേരളം സുപ്രീംകോടതിയില്‍ പോയി, കേന്ദ്രം കടമെടുക്കാന്‍ സമ്മതിക്കുന്നില്ല എന്നാണ് പറഞ്ഞത്. പക്ഷേ കേന്ദ്രം നല്‍കുന്ന സഹായക്കണക്ക് കാണിക്കുന്നത് വന്‍ വര്‍ധനയാണ്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായം നല്‍കാന്‍ പൊതുവായി വ്യവസ്ഥയുണ്ട്. അത് മുമ്പുമുതലേ ഉള്ളതാണ്. അത് ഭരണഘടന പ്രകാരമാണ്. അതായത്, കേരളം കുറ്റപ്പെടുത്തുന്നത് കേരളത്തെത്തന്നെയാണ്.
കേരളത്തിലെ വന്‍ പ്രോജക്ടുകളെല്ലാം കേന്ദ്രത്തിന്റെ ധനസഹായത്തിലാണ്. പാലക്കാട്- കോഴിക്കോട് ദേശീയ പാതയും അനുബന്ധമായ ആറ് പദ്ധതികളുമുണ്ട്. 120 കിലോ മീറ്റര്‍ റോഡ് പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ 21,271 കോടി രൂപയാണ് സംസ്ഥാനത്ത് വിനിയോഗിക്കുന്നത്. മെട്രോ റെയില്‍, വാട്ടര്‍ മെട്രോ തുടങ്ങിയ വന്‍ പദ്ധതികള്‍ കേന്ദ്ര ധനസഹായത്തിലാണ്. രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ ഓടിക്കുന്നത്. അമൃത് പദ്ധതി പ്രകാരം 2360.69 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്. കുടിവെള്ളം, അഴുക്കുചാല്‍, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കോഴിക്കോട് ബൈപാസാണ് മറ്റൊന്ന്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 1.66 ലക്ഷം വീടുകളാണ് സംസ്ഥാനത്ത് നിര്‍മിക്കുന്നത്. അതില്‍ 1.17 വീടുകള്‍ പൂര്‍ത്തിയായി. കടല്‍ത്തീര സംരക്ഷണത്തിനും അവിടെ വസിക്കുന്നവരുടെ ക്ഷേമത്തിനുമായി 58,000 കോടിരൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. റോഡ്, തുറമുഖം, ജലഗതാഗത സംവിധാനം തുടങ്ങിയ വന്‍ പദ്ധതികളാണവ. മത്സ്യ മേഖലയിലെ നീലവിപ്ലവത്തിന്റെ ഭാഗമായി കേരളത്തില്‍ മാത്രം 1.82422 ലക്ഷം മത്സ്യബന്ധന തൊഴിലാകളിള്‍ക്ക് വള്ളം, വല തുടങ്ങിയവ ലഭ്യമാക്കി. നാളികേരള കര്‍ഷകര്‍ക്ക് അനുഗുണമായ ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു. എംഎസ്പി വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ 50,000 മെട്രിക് ടണ്‍ കൊപ്രയാണ് സംഭരിച്ചത്. കേരളത്തില്‍ ടാപ്പിലൂടെ ശുദ്ധജലമെത്തിയിരുന്നത് 16 ലക്ഷം വീടുകളിലായിരുന്നത് 20 ലക്ഷം വീടുകളിലാക്കി, ഈ മേഖലയില്‍ മാത്രം 36 ശതമാനമാണ് വര്‍ധന.
നടപ്പാക്കുന്നതിലെ പിടിപ്പുകേട്
പക്ഷേ സംസ്ഥാന സര്‍ക്കാരിന്റേത് എല്ലാ മേഖലയിലും നടപ്പിലാക്കലിലെ പിടിപ്പുകേടാണ് കാണിക്കുന്നത്. നികുതി വിഹിതത്തിന്റെ കാര്യത്തില്‍ 2004 മുതല്‍ 2014 വരെ 46,303 കോടിയായിരുന്നു. അത് കഴിഞ്ഞ 10 വര്‍ഷത്തില്‍ 1.55649 ലക്ഷം കോടിയായി. കേന്ദ്ര സഹായം 2562 കോടിയായിരുന്നത് 1.46117 ലക്ഷം കോടിയായി. ഇത് 458 ശതമാനം വര്‍ധനയാണ്. ഇതിനു പുറമേ അധിക സാമ്പത്തിക സഹായമായി 15,866 കോടിരൂപയും കേരളത്തിന് ലഭ്യമാക്കി. എന്നിട്ടും കുറച്ചേ കിട്ടുന്നുള്ളു, കേന്ദ്ര സര്‍ക്കാര്‍ തടയുന്നുവെന്നെല്ലാം നുണപ്രചാരണങ്ങളും വ്യാജ വ്യാഖ്യാനങ്ങളും നടത്തുകയാണ്. അടിസ്ഥാനപരമായി ഇത് തെറ്റാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊടുക്കുന്നു, പങ്കിടാന്‍ വ്യക്തമായ ചട്ടവും വ്യവസ്ഥകളുമുണ്ട്. അതനുസരിച്ചാണ് ചെയ്യുന്നത്.
ഉദാഹരണത്തിന് വലിയ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഭാരതത്തില്‍ എല്ലായിടത്തും വന്‍തോതില്‍ വില്‍പ്പന നടക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തും വില്‍പ്പനയുണ്ടെങ്കിലും അതിന്റെ വരുമാനനേട്ടം ഉണ്ടാകുന്നത് ആ കമ്പനി രജിസ്റ്റര്‍ ചെയ്ത സംസ്ഥാത്തായിരിക്കും. അത് മറ്റു സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല. പാന്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ആ കമ്പനി രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനേ നേട്ടമുണ്ടാക്കിക്കൊടുക്കൂ. ഈ സാങ്കേതിക കാര്യമറിയാതെയാണ് വ്യാജപ്രചാരണം നടത്തുന്നത്.
ഭാരതം ലോക സാമ്പത്തിക വളര്‍ച്ചയില്‍ അഞ്ചാമതെത്തി. കേരളത്തിന് പക്ഷേ എന്തുകൊണ്ടാണ് വളര്‍ച്ചയില്ലാത്തത്? ഭാരതത്തിലേക്ക് വിദേശ നിക്ഷേപം ധാരളം വരുന്നു. എന്തുകൊണ്ടാണ് കേരളത്തില്‍ വരാത്തത്? കേരളം പുനശ്ചിന്ത നടത്തേണ്ട സമയമായി. അഴിമതിയാണ് ഭരണത്തിലെ പിടിപ്പുകേടിന് കാരണം. ജനങ്ങള്‍ക്കു ഗുണവും ക്ഷേമവും ഉണ്ടാക്കേണ്ടവര്‍ അഴിമതിയിലാണ്. ഷിപ് യാഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഡ്രൈ ഡോക് യാഡ് ഉള്‍പ്പെടെയുള്ളവയുണ്ട്, 1800 കോടിയുടേതാണ് പദ്ധതി. പ്രധാനമന്ത്രി പ്രഖ്യാപിച്ച വിഎസ്എസിയിലെ മൂന്നു പദ്ധതികള്‍ വരുന്നു. ഷിപ് യാഡിലെ കപ്പല്‍ അറ്റകുറ്റപ്പണി കപ്പല്‍ നിര്‍മാണത്തിന്റെ കേന്ദ്രമായ കോഴിക്കോടിനും നേട്ടമുണ്ടാക്കും.
കേരള സ്റ്റോറിക്കെതിരെ പ്രതികരിച്ച് ആരെയാണ് തൃപ്തിപ്പെടുത്തുന്നത്?
എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മാത്രം എന്തുകൊണ്ട് അറസ്റ്റ ചെയ്ത് കേസെടുക്കുന്നുവെന്ന് ചോദ്യത്തിന് മറുപടി, അഴിമതി കാണിക്കുന്നത് അവരായതുകൊണ്ട് എന്നാണ്. സ്ത്രീകളെ പീഡിപ്പിക്കുന്നത് കുറ്റമാണ്. സ്ത്രീ സംഭവങ്ങള്‍ കൂടുന്നു. പോലീസ് കേസെടുക്കുന്നു. പാടില്ല എന്ന് പറയാന്‍ പറ്റുമോ. ലഹരി വില്‍പ്പന വര്‍ധിക്കുന്നു, കുറ്റക്കാരെ പിടികൂടരുതെന്ന് പോലീസിനോട് പറയാന്‍ പറ്റുമോ. അതുപോലെ സാമ്പത്തിക ഇടപാടില്‍ കുറ്റക്കാര്‍ക്കെതിരേ ഇ ഡി നടപടിയെടുക്കുന്നു, അത്രയേ ഉള്ളു.
കേരള സ്റ്റോറി സിനിമയുടെ പേരില്‍ എന്തിനാണ് വിവാദമെന്ന് മനസ്സിലാകുന്നില്ല. കേരള സ്റ്റോറി സിനിമ യഥാര്‍ത്ഥ കഥയാണോ എന്നത് സിനിമയുടെ വിഷയമാണ്. ഇവിടെ പ്രശ്നം ആ സിനിമ പറയുന്ന ഇതിവൃത്തത്തിന് കാരണമായ വിഷയം ഹൈക്കോടതി വിധിയിലുള്ളതാണ്. അത്തരത്തില്‍ ഒരു പെണ്‍കുട്ടിക്ക്, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ ജാതിയും മതവും രാഷ്‌ട്രീയവും നോക്കാതെ പെണ്‍കുട്ടികള്‍ക്ക് ഒപ്പം നില്‍ക്കാന്‍ എല്ലാവരും തയാറാകുകയാണ് വേണ്ടത്.
സിനിമയ്‌ക്കെതിരേ പ്രതികരിക്കുന്നവര്‍ ആരെയാണ് തൃപ്തിപ്പെടുത്താന്‍ നോക്കുന്നത്. ഇവിടെ കാര്യങ്ങള്‍ വിചിത്രമാണ്. എന്തിനാണ് ഒരു വിദേശ സംഘടനയായ ഹമാസിനെ പിന്തുണച്ച് ഇവിടെ പ്രകടനവും സമ്മേളനവും നടത്തുന്നത്. അത് ഒരു വിദേശ സംഘടനയാണ്. ഇവിടത്തെ കര്‍ഷകരോടോ വിദ്യാര്‍ത്ഥികളോടോ സ്ത്രീകളോടോ അവരുടെ പ്രശ്നങ്ങളോടോ പ്രതികരിക്കാത്തവര്‍ ഹമാസിന് പിന്തുണ നല്‍കാന്‍ സമ്മേളനം നടത്തുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടത്തെ സംവിധാനത്തില്‍ ചില പോരായ്മകളുണ്ടായിട്ടുണ്ട്. കാര്യബോധമുള്ള, നല്ലവരായ ആളുകള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്.
പത്രസമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍, കെ. നാരായണന്‍, കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, അനുരാധാ തായാട്ട് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: