തിരുവനന്തപുരം: മികച്ച ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് മലയാളികളുടെ സിനിമാസ്വാദനത്തിന് മാറ്റു കൂട്ടിയ ഗാന്ധിമതി ബാലന് (66) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പത്തനംതിട്ട ഇലന്തൂര്‍ കാപ്പില്‍ തറവാട് അംഗമായ ഗാന്ധിമതി ബാലന് തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം.
ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്മാന് ആയിരുന്നു. ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികള്‍ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താമുദയം തുടങ്ങി 30ല്‍ പരം ചിത്രങ്ങളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചു. 2015 നാഷനല്‍ ഗെയിംസ് മുഖ്യ സംഘാടകന്‍ ആയിരുന്നു.
ആലിബൈ എന്ന പേരില്‍ നാല് വര്‍ഷം മുമ്പ് സൈബര്‍ ഫോറെന്‍സിക് സ്റ്റാര്‍ട്ട്അപ്പ് കമ്പനി സ്ഥാപിച്ചു രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും സൈബര്‍ ഇന്റലിജന്‍സ് സേവനം നല്കി. ഇവന്റസ് ഗാന്ധിമതി എന്ന ഇവന്റ ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയാണ്.
മലയാളം സിനിമ നടീനടന്മാരുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്കിയ ബാലന് അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്കിയ പേരായിരുന്നു.
ഒരു കാലത്ത് മോഹന്‍ലാലും മമ്മൂട്ടിയുമായി ചേര്‍ന്ന് കൂടുതല്‍ സിനിമ ചെയ്ത നിര്‍മാതാവായിരുന്നു. സ്ഫടികം, കിലുക്കം എന്നിവയുടെ നിര്‍മാണ ചുമതലകള്‍ക്ക് നേതൃത്വം നല്കി. തിരുവനന്തപുരം നഗരത്തിലെ ധന്യ, രമ്യ തിയേറ്റര്‍ ഉടമ ആയിരുന്നു. അനശ്വര സംവിധായകന് പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്. പത്മരാജന്റെ ആകസ്മിക മരണത്തിന് ശേഷമാണ് സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്.
ചലച്ചിത്ര രംഗത്തിന് പുറമെ സാഹിത്യ , സാമൂഹിക, സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലന് . പ്ലാന്റേഷന്, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും ഏര്‍പ്പെട്ടിരുന്നു.
ഭാര്യ – അനിത ബാലന്. മക്കള്‍: സൗമ്യ ബാലന് (ഫൗണ്ടര്‍ ഡയറക്ടര്‍ -ആലിബൈ സൈബര്‍ ഫോറെന്‍സിക്സ്), അനന്ത പത്മനാഭന് (മാനേജിങ് പാര്‍ട്ണര്‍ – മെഡ്റൈഡ്, ഡയറക്ടര്‍-ലോക മെഡി സിറ്റി) മരുമക്കള്‍: കെ.എം.ശ്യാം (ഡയറക്ടര്‍ – ആലിബൈ സൈബര്‍ ഫോറെന്‍സിക്സ്, ഡയറക്ടര്‍- ഗാന്ധിമതി ട്രേഡിങ് & എക്സ്പോര്‍ട്സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: