മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മൂന്നാം ജയം. ആവേശകരമായ പഞ്ചാബ് കിംഗ്സിനെ രണ്ട് റണ്‍സിനാണ് സണ്‍റൈസേഴ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. പഞ്ചാബിന്റെ മറുപടി ആറ് വിക്കറ്റിന് 180 റണ്‍സില്‍ അവസാനിച്ചു.
നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഹൈദരാബാദിന് കുറഞ്ഞ സ്കോറിലേക്ക് നയിച്ചത്. സാം കറനും ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.ബാറ്റിങ് തകര്‍ച്ചയ്ക്കിടെ നാലാമനായി ക്രീസിലെത്തി 37 പന്തില്‍ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 64 റണ്‍സെടുത്ത നിതിഷ് റെഡ്ഡിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 21 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കമിട്ട ട്രാവിസ് ഹെഡിനെ നാലാം ഓവറില്‍ മടക്കിയാണ് അര്‍ഷ്ദീപ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അതേ ഓവറിലെ നാലാം പന്തില്‍ ഏയ്ഡന്‍ മാര്‍ക്രവും (0) അര്‍ഷ്ദീപിനു മുന്നില്‍ വീണു.
11 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ പുറത്താക്കി സാം കറനും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി. വെടിക്കെട്ട് വീരന് ഹെന്റിച്ച് ക്ലാസനെ (9) പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ കളി പഞ്ചാബിന്റെ വരുതിയിലാക്കി. ആറാം വിക്കറ്റില്‍ നിതീഷ് അബ്ദുള്‍ സമദ് സഖ്യം കൂട്ടിച്ചേര്‍ത്ത 50 റണ്‍സാണ് ഹൈദരാബാദ് സ്കോര്‍ 150 കടത്തിയത്. 12 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 25 റണ്‍സെടുത്ത സമദിനെ 17ാം ഓവറില്‍ പുറത്താക്കി അര്‍ഷ്ദീപ് രക്ഷയ്ക്കെത്തി. അതേ ഓവറിലെ അഞ്ചാം പന്തില്‍ നിതീഷും അര്‍ഷ്ദീപിനു മുന്നില്‍ വീണു. ഏഴു പന്തില്‍ നിന്ന് 14 റണ്‍സോടെ പുറത്താകാതെ നിന്ന ഷഹബാസ് അഹമ്മദാണ് ഹൈദരാബാദ് സ്കോര്‍ 182ല്‍ എത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ പഞ്ചാബിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ ആറ് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന് 14, ജോണി ബെര്‍സ്റ്റോ പൂജ്യം, പ്രഭ്സിമ്രാന് സിംഗ് നാല് എന്നിവര്‍ പുറത്തായി. പിന്നീട് പൊരുതാന്‍ ശ്രമിച്ചവരും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമാക്കി.
സാം കുറാന് 29, സിക്കന്ദര്‍ റസ 28, ജിതേഷ് ശര്‍മ്മ 19 എന്നിങ്ങനെ പുറത്തായി. എങ്കിലും ശശാങ്ക് സിംഗും അഷുതോഷ് ശര്‍മ്മയും പോരാട്ടം അവസാനിപ്പിച്ചില്ല. ശശാങ്ക് 25 പന്തില്‍ 46 റണ്‍സുമായും അഷുതോഷ് 15 പന്തില്‍ 33 റണ്‍സുമായും പുറത്താകാതെ നിന്നു.
സണ്‍റൈസേഴ്സിനായി ഭുവന്വേശര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കമ്മിന്‍സ്, നടരാജന്, നിതീഷ് കുമാര്‍, ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: