ന്യൂദല്‍ഹി: സ്ഥാനാര്‍ത്ഥിയുടെയോ ബന്ധുക്കളുടെയോ ജംഗമ വസ്തുക്കള്‍ എല്ലാം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി. അരുണാചല്‍പ്രദേശിലെ സ്വതന്ത്ര എംഎല്‍എ കാരിഖോ ക്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ സുപ്രധാനവിധി.
വോട്ടെടുപ്പിനെ ബാധിക്കാത്ത സ്വകാര്യ ജംഗമ വസ്തുക്കള്‍ എല്ലാം വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍ ജീവിത സാഹചര്യം അറിയാന്‍ ഉയര്‍ന്ന മൂല്യമുള്ള സ്വകാര്യവസ്തുക്കള്‍ സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണമെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് പി.വി. സജ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആഴത്തില്‍ അറിയുക എന്നത് വോട്ടര്‍മാരുടെ അവകാശമല്ല. എന്നാല്‍ ഓരോ കേസിലും ഓരോ സാഹചര്യമായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഭാര്യയുടെയും മകന്റെയും പേരിലുള്ള മൂന്ന് കാറുകള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് കാരിഖോ ക്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഈ വിധിയോടെ, അരുണാചല്‍ പ്രദേശിലെ തേസു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ കാരിഖോ ക്രിയുടെ 2019 ലെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: