ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈദരാബാദ് ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലതയ്‌ക്ക് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ (സി.ആര്‍.പി.എഫ്) ‘വൈ+’ കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.
തെലങ്കാനയിലെ ബിജെപി നേതാവിന് മാത്രമായി സിആര്‍പിഎഫ് സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്‌ലിമീന്റെ (എഐഎംഐഎം) നാല് തവണ പാര്‍ലമെന്റ് അംഗമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ മത്സരിക്കുന്ന ലതയ്‌ക്കെതിരെ ലഭിച്ച ഭീഷണി കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സുരക്ഷാ പരിരക്ഷ നല്‍കിയത്.
ഉയര്‍ന്ന രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഇടയിലാണ് ഈ നീക്കം. മണ്ഡലത്തിന് തെരഞ്ഞെടുപ്പ് ആക്രമണങ്ങളുടെ ഒരു ചരിത്രവും ഉള്ളത് ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിക്കാന്‍ നിര്‍ബന്ധിതമായെന്നാണ് റിപ്പോര്‍ട്ട്. നാല് പതിറ്റാണ്ടായി ഒവൈസി കുടുംബം പ്രതിനിധീകരിക്കുന്ന ഹൈദരാബാദില്‍ നിന്നാണ് 49 കാരിയായ ലത മത്സരിക്കുന്നത്.
ഹൈദരാബാദ് ലോക്‌സഭാ സീറ്റില്‍ ഹൈദരാബാദിലെ ഗോഷാമഹല്‍ ഒഴികെയുള്ള എല്ലാ അസംബ്ലി സീറ്റുകളും എഐഎംഐഎമ്മിന്റെ കൈവശമാണ്. സാംസ്‌കാരിക പ്രവര്‍ത്തകയായ ലത, നിസാം കോളേജില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
2019ല്‍ പാര്‍ലമെന്റ് ക്രിമിനല്‍ കുറ്റമാക്കിയ മുത്തലാഖിനെതിരായ സമരങ്ങള്‍ നയിച്ച വ്യക്തികൂടിയാണ് ലത. രാഷ്ടീയ ജീവതത്തിനു പുറമെ, ലത ഒരു സംരംഭകയും എന്‍സിസി കേഡറ്റും പ്രൊഫഷണല്‍ ഭരതനാട്യം നര്‍ത്തകിയുമാണ്. നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള വിരിഞ്ചി ഹോസ്പിറ്റല്‍സിന്റെ ചെയര്‍പേഴ്‌സണായി അവര്‍ സേവനമനുഷ്ഠിക്കുന്നു. രണ്ട് പതിറ്റാണ്ടോളം നീണ്ട അവരുടെ വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ അംഗീകാരം കൂടിയാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: