അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെയും പേരില്‍ പ്രതിരോധത്തിലായിട്ടുള്ളപ്പോഴെല്ലാം സ്വന്തം പാര്‍ട്ടിക്കാരെ ആദ്യം തള്ളിപ്പറയും, പക്ഷേ അണിയറയില്‍ പ്രതികള്‍ക്ക് എല്ലാം ചെയ്തു കൊടുക്കും; അതാണ് സിപിഎം നേതൃത്വത്തിന്റെ എക്കാലത്തേയും നിലപാട്. കഴിഞ്ഞ ദിവസം പാനൂരിലെ പാര്‍ട്ടി കേന്ദ്രത്തില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകരിലൊരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലും പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് വാദം.
മരണപ്പെട്ട യുവാവും മറ്റുള്ളവരും കുഴപ്പക്കാരാണെന്നും പാര്ട്ടിക്കാരല്ലെന്നുമുള്ള പ്രചാരണമാണ് സിപിഎം നേതാക്കളും അണികളും നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മിന്റെ അക്രമ, കൊലപാതക, ബോംബ് രാഷ്ട്രീയം ഒരിക്കല്‍ കൂടി പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടതോടെ പാര്‍ട്ടി ഒന്നാകെ പ്രതിരോധത്തിലായിരിക്കുകയാണ്.
പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ ആളൊഴിഞ്ഞ പ്രദേശത്ത് പാര്‍ട്ടിക്കാരായ പത്തോളം ചെറുപ്പക്കാര്‍ ചേര്‍ന്ന് ബോംബ് നിര്‍മ്മിക്കുക, അതിനിടെ പൊട്ടിത്തെറിക്കുക. ഒരാള്‍ മരണപ്പെടുക. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുക. പാര്‍ട്ടിബന്ധം സകലര്‍ക്കും ബോധ്യപ്പെട്ടിട്ടും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സിപിഎം വാദം അവരെ പരിഹാസ്യരായിരിക്കുകയാണ്. ഇവര്‍ മുമ്പും തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒടുവില്‍ പ്രതികള്‍ക്കെല്ലാം നിയമസഹായം നല്കി. മാത്രമല്ല പ്രതികളുടെ വിവാഹങ്ങള്‍ നടത്തിക്കൊടുത്തതും വിവാഹങ്ങളില്‍ സജീവമായി പങ്കുകൊണ്ടതും കേരളീയ സമൂഹം കണ്ടതാണ്. കൂടാതെ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട കുഞ്ഞനന്തന് ശിക്ഷാ കാലയളവിനിടയില്‍ മരിക്കുമ്പോഴും സിപിമ്മിന്റെ ഏരിയാ കമ്മറ്റി മെമ്പറായിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടയിലും മറ്റും പാര്‍ട്ടിക്കുവേണ്ടി നടത്തിയ അക്രമങ്ങളില്‍ അംഗഭംഗം വന്നവര്‍ക്കും മറ്റും ചികിത്സാ സഹായങ്ങളും ജോലിയും എന്തിനേറെ അമേരിക്കയില്‍ നിന്ന് പോലും കൃത്രിമ അവയവങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വീരപരിവേഷം നല്കി പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനം നല്‍കുന്നതും ഇവരുടെ കേസുകള്‍ നടത്താന്‍ പണപ്പിരിവുനടത്തുന്നതും സിപിഎമ്മിന്റെ പതിവാണ്.
അതിനാല്‍ത്തന്നെ ഈ ബോംബുകേസിലും ഇപ്പോള്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ തന്നെ പറയുന്നെങ്കിലും പ്രതികള്‍ക്കും സഹായികള്‍ക്കും സിപിഎം എല്ലാ സഹായവും നല്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: