തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കോടികള്‍ നഷ്ടപ്പെടുമെന്നായതോടെ പിഎം ശ്രീ പദ്ധതിയുമായി കൈകോര്‍ക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പിന്‍വലിഞ്ഞാല്‍ എസ്എസ്കെ പദ്ധതിയില്‍ നിന്നു ലഭിക്കേണ്ട 167.94 കോടി രൂപയും പിഎം ശ്രീ പദ്ധതി വഴി ലഭിക്കേണ്ട 150 കോടി രൂപയും നഷ്ടപ്പെടും. ഇതോടെയാണ് വൈമനസ്യത്തോടെ കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തയ്യാറായത്.
പ്രധാനമന്ത്രിയുടെ പേരും കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പ്രധാനമന്ത്രി സ്കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) എംബഌവും പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം. ഇതാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന് പ്രേരിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കില്ലെന്നും പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്കെയുടെ ഗ്രാന്റും വരുന്ന അധ്യയന വര്‍ഷത്തെ ഗ്രാന്റും നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. ഈ വീണ്ടുവിചാരമാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകം. സംസ്ഥാന ഖജനാവ് കാലിയായിരിക്കെ പദ്ധതിയില്‍ നിന്ന് പിന്മാറിയാല് സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും താളം തെറ്റുമെന്ന തിരിച്ചറിവും മന്ത്രിക്കുണ്ടായി.
സ്കൂളുകളില്‍ കൂടുതല്‍ സുരക്ഷിതവും ഉത്തേജകവുമായ പഠനാന്തരീക്ഷം പിഎം ശ്രീ യിലൂടെ ലഭിക്കും. നല്ല ഭൗതിക അടിസ്ഥാന സൗകര്യങ്ങളും പഠനത്തിന് അനുയോജ്യമായ ഉചിതമായ വിഭവങ്ങളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകും. ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നതു പോലെ, സമത്വം ഉള്‍ക്കൊള്ളുന്നതും ബഹുസ്വരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി വിദ്യാര്‍ത്ഥികളെ തയ്യാറാക്കുകയും ഉത്തമ പൗരന്മാരായി മാറ്റുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. കഴിഞ്ഞ അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു.
സംസ്ഥാനത്തെ 41 കേന്ദ്രീയ വിദ്യാലയങ്ങളില്‍ 32 എണ്ണവും പിഎംശ്രീ പദ്ധതി നടപ്പിലാക്കി തുടങ്ങി. കേരളത്തില്‍ തെരഞ്ഞെടുത്ത 150 സ്കൂളുകളെ പിഎം ശ്രീയില്‍ ഉള്‍പ്പെടുത്താനാകും. ഒരു സ്കൂളിന് ഒരു കോടി രൂപ വരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഗ്രാന്റായി ലഭിക്കും. കോടിക്കണക്കിന് രൂപയാണ് രാഷ്ട്രീയ തിമിരത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: