ന്യൂദല്‍ഹി: സൈനിക ഉത്പാദനത്തില്‍ സ്വാശ്രയത്തിന് ഊന്നല്‍ നല്കി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. വെടിക്കോപ്പുകള്‍ തദ്ദേശീയമായി ലഭ്യമാക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ദിശയില്‍ മതിയായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ടൈംസ് നൗ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഇറക്കുമതി ആശ്രിതത്വം പൂജ്യത്തിനടുത്തായിരിക്കണം.
ഭാവിയില്‍ സ്വാശ്രയത്വം തന്ത്രപ്രധാനമായ ഒരു അനിവാര്യതയായിരിക്കും. യുദ്ധോപകരണങ്ങള്‍ തദ്ദേശീയമായി ലഭ്യമാക്കാന്‍ നമുക്ക് കഴിയുന്നത് പ്രധാനമാണ്. ഇക്കാര്യത്തിനാണ് ഊന്നല്‍. സാങ്കേതികവിദ്യ പോലും ഇറക്കുമതി ചെയ്താല്‍ നമ്മള് എപ്പോഴും ഒരു വൃത്തത്തിന് പിന്നില്‍ നില്‍ക്കേണ്ടി വരും.
ആത്മനിര്‍ഭരതയിലൂടെ വികസനത്തിനായുള്ള നിരന്തരമായ ശ്രമങ്ങള്‍ പ്രകടിപ്പിക്കുന്നതിനാണ് പൊഖ്റാനില്‍ ഭാരത് ശക്തി സംഘടിപ്പിച്ചത്. തദ്ദേശീയ സംവിധാനങ്ങളുടെ കരുത്തും ശക്തിയും പ്രകടിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. യുദ്ധങ്ങളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയും ജനറല്‍ പാണ്ഡെ എടുത്തുപറഞ്ഞു.
സാമ്പ്രദായിക പോരാട്ടം ഭാവിയില്‍ വിജയത്തെ നിര്‍ണയിക്കില്ല. നമ്മുടെ രാജ്യത്തിനുള്ളിലെ സാങ്കേതികവിദ്യയും വാണിജ്യപരമായി ലഭ്യമായവയും പ്രയോജനപ്പെടുത്തുന്നതില്‍ എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നത് പ്രധാനമാണ്. അതിര്‍ത്തിയില്‍ ചൈനയുടെ സാന്നിധ്യം കണക്കിലെടുത്ത് വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികളെ നേരിടാന്‍ സൈന്യം ശക്തമാണെന്നും ജനറല്‍ പാണ്ഡെ പറഞ്ഞു. എല്ലാത്തരത്തിലുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. 21 റൗണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മിലിട്ടറി കോര്‍പ് കമാന്‍ഡര്‍ ലെവലും ഡബ്ല്യുഎംസിസിയുടെ 14 റൗണ്ട് നയതന്ത്ര ചര്‍ച്ചകളും നടന്നു. ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: