കണ്ണൂര്‍: സംസ്ഥാനത്തെ സ്കൂളുകളിലെ അദ്ധ്യയന വര്‍ഷം ഇന്നലെ അവസാനിച്ചിട്ടും ജൂലായ് മാസത്തില്‍ പൂര്‍ത്തിയാകേണ്ട തസ്തിക നിര്‍ണയം നടന്നില്ല. പിഎസ്സി പരീക്ഷ എഴുതി വിവിധ അദ്ധ്യാപക റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടി ജോലി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് ഇതോടെ അവസരം നഷ്ടമായി. കാലാവധി അവസാനിക്കുന്ന റാങ്കു ലിസ്റ്റുകളിലെ ഉയര്‍ന്ന പ്രായ പരിധിയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നമാണ് സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും തലതിരിഞ്ഞ നയത്തിലൂടെ ഇല്ലാതായത്.
എയ്ഡഡ് സ്കൂളുകളിലും സമാന സാഹചര്യമാണ്. പുതിയ അദ്ധ്യാപക തസ്തികയ്ക്കാവശ്യമായ വിദ്യാര്ത്ഥികളുണ്ടെന്നിരിക്കെ ജൂണ്‍ മാസം തന്നെ അദ്ധ്യാപക തസ്തികയിലേക്ക് പണം നല്കി ജോലിയില്‍ പ്രവേശിച്ചവര്‍ ഒരു അദ്ധ്യയന വര്‍ഷം മുഴുവന്‍ ജോലി ചെയ്ത് കൂലിയില്ലാതെ ഇന്നലെ പടിയിറങ്ങി.
കുട്ടികള്‍ അധികമുള്ള സര്‍ക്കാര്‍ സ്കൂളുകളിലും പുതിയ തസ്തികകളില്‍ പലയിടങ്ങളിലും ദിവസ വേതനക്കാരെ നിയമിച്ചിരുന്നു. ചില സ്കൂളുകളില്‍ പിടിഎയും മറ്റും പണം നല്കി അദ്ധ്യാപകരെ സഹായിച്ചെങ്കിലും പലയിടത്തും പണം നല്കാത്തതിനാല് ഉദ്യോഗാര്‍ത്ഥികള്‍ അദ്ധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ ജോലി മതിയാക്കി. ഇത്തവണത്തെ കണക്കെടുപ്പില്‍ തീരുമാനമില്ലാത്തതിനാല്‍ തന്നെ അടുത്ത വര്‍ഷത്തെ പുതിയ കുട്ടികളെവച്ചു കണക്കെടുത്താല്‍ ഈ വര്‍ഷം ഉണ്ടായിരുന്ന തസ്തിക ഉണ്ടാവുമെന്ന് യാതൊരുറപ്പുമില്ലാത്ത സ്ഥിതിയാണ്.
കെഇആര്‍ ഭേദഗതി ചെയ്തപ്പോള്‍ ജൂണ്‍ മാസം തൊട്ട് തന്നെ ആവശ്യമായ തസ്തികകളില്‍ നിയമനം നടത്താന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തസ്തിക നിര്‍ണയം നടക്കാത്തതിനാല്‍ ഒരദ്ധ്യയന വര്‍ഷം കഴിഞ്ഞിട്ടും പുതിയ സ്ഥിരം നിയമനങ്ങളൊന്നും നടന്നില്ല.
താഴെത്തട്ടിലുള്ള പരിശോധന പൂര്‍ത്തിയാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് തയാറാക്കിയിട്ട് മൂന്നുമാസമായി. അദ്ധ്യയന വര്‍ഷം തുടങ്ങി ആറാം പ്രവൃത്തിദിനത്തില്‍ കുട്ടികളുടെ കണക്കെടുക്കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് ജൂലായ് 15 നുള്ളില്‍ തസ്തിക നിര്‍ണയിച്ചാല്‍ മാത്രമേ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാവൂ എന്നാണ് നിയമം.
ആറാം പ്രവൃത്തിദിനത്തില്‍ കണക്കെടുപ്പും പിന്നീട് ഡിഇഒ, ഡിഡി തലങ്ങളിലുള്ള പരിശോധനയുമൊക്കെ പൂര്‍ത്തിയാക്കി ഡിസംബറില്‍ റിപ്പോര്‍ട്ട് നല്കി. ആധാര്‍ പ്രശ്നം തീര്‍ക്കാനടക്കം സമയം നല്കി. എന്നാല്‍ തസ്തിക നിര്‍ണയം മാത്രം നടന്നില്ല.
ഇല്ലാതാവുന്നത്ര തസ്തികകള്‍ ഇത്തവണ പുതുതായി വേണ്ടാത്തതിനാല്‍ സര്‍ക്കാരിന് സാമ്പത്തികഭാരമില്ലായിരുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഒരൊറ്റ തസ്തിക പോലും പുതുതായി അനുവദിക്കാതെ നിയമന നിരോധനമാണ് യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഇന്നലെ അവസാനിച്ച അദ്ധ്യയന വര്‍ഷം നടപ്പിലാക്കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് 31 കഴിയുന്നതോടെ ഈ തസ്തികകള്‍ക്ക് സാധുതയില്ലാതാവും.
എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ സര്‍ക്കാരും ആയിരക്കണക്കിന് നിയമനങ്ങള്‍ പിഎസ്സി വഴി നടത്തിയെന്ന് അവകാശപ്പെടുന്ന ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയും വിദ്യാഭ്യാസ മേഖലയിലെ തസ്തിക നിര്‍ണയം നടക്കാത്തതിനെ കുറിച്ച് തികഞ്ഞ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: