മാറനല്ലൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 19 ശതമാനം ഡിഎ ഉള്‍പ്പെടെ തടഞ്ഞുവച്ചിരിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി ജെ. മഹാദേവന് ആവശ്യപ്പെട്ടു. എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം കാട്ടാക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തിന് ആനുപാതികമായി നല്കുന്ന ക്ഷാമബത്ത 39 മാസങ്ങളായി നല്‍കുന്നില്ല. ഇപ്പോള്‍ 21 ശതമാനം കുടിശികയാണ്. ഇത് മറച്ച് വച്ചാണ് 2 ശതമാനം ഡിഎ ഇപ്പോള്‍ പ്രഖ്യാപിച്ചത്. അതിന്റെ അരിയര്‍ എന്ന് മുതല്‍ നല്‍കുമെന്നത് മറച്ചിരിക്കുകയാണ്. ഇത് കുടിശിക തരാതിരിക്കുവാനുള്ള അടവ് തന്ത്രമാണെന്ന് ജീവനക്കാര്‍ തിരിച്ചറിയണമെന്നും, ക്ഷാമബത്ത പൂര്‍ണമായും നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പാക്കോട് ബിജു അദ്ധ്യക്ഷത വഹിച്ചു.
ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ പി.സുനില്‍കുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ്എസ്.കെ.ജയകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.രമേശ്, വൈസ് പ്രസിഡന്റുമാരായ പി.വി.ആര്.മനോജ്, ശ്രീകുമാരന്‍, ബി.എസ്. രാജീവ്, സംസ്ഥാന ജോ.സെക്രട്ടറിമാരായ എസ്.വിനോദ് കുമാര്‍, പ്രദീപ് പുള്ളിത്തല, ബിഎംഎസ് മേഖലാ സെക്രട്ടറി വിക്രമന്, ബിജെപി കാട്ടാക്കട ഏര്യാ പ്രസിഡന്റ് എസ്.സജീവ്കുമാര്‍, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഹരികുമാര്‍, ജില്ലാ സെക്രട്ടറി സന്തോഷ് അമ്പറത്തലയക്കല് എന്നിവര്‍ സംസാരിച്ചു.
ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം അദ്ധാപകനും രാഷ്ട്രീയ നീരീക്ഷകനുമായ ഫക്രുദീന്‍ അലി ഉദ്ഘാടനം ചെയ്തു. ഭാരതം അത്ഭുതകരമായ വളര്‍ച്ചയിലൂടെയാണ് കടന്ന് പോകുന്നതെന്നും, ഭാരതീയനാണ് എന്ന് പറയുന്നതില്‍ ഏറെ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിചാരധാരയില്‍ ന്യൂനപക്ഷത്തെ കുറിച്ച് ഗുരുജി പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ രാഷ്ട്രീയ ലാഭത്തിനായി ചിലര്‍ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു. ചലച്ചിത്ര സംവിധായകന് സാജന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: