തൊടുപുഴ: സംസ്ഥാനത്ത് പ്രതിദിനം വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോള്‍ ആശങ്കയിലായി കെഎസ്ഇബി. ഇതിനിടെ ഞായറാഴ്ചത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡും ഭേദിച്ചു. പൊതുവെ അവധി ദിനങ്ങളില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയുകയാണ് പതിവ്. ശരാശരി 10 മുതല്‍ 12 ദശലക്ഷം യൂണിറ്റ് വരെ കുറവുണ്ടാകും.
എന്നാല്‍ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 95.0825 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 82.1069 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചപ്പോള്‍ 11.1991 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം.
പീക്ക് സമയത്തെ ഉപഭോഗം 5120 മെഗാവാട്ട് വരെ എത്തുന്നുണ്ട്. എന്നാല്‍ മുമ്പത്തെ സമയങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാത്രി 11 മണിക്ക് ശേഷമാണ് ഇപ്പോള്‍ പീക്ക് സമയം. ഉറങ്ങുന്ന സമയത്ത് കൂട്ടമായി എയര്‍കണ്ടീഷണര്‍ പോലുള്ളവ ഉപയോഗിക്കുന്നതാണ് കാരണം. രണ്ട് വാരമായി പ്രവര്‍ത്തി ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇതിന് അടുത്താണ് ഞായറാഴ്ചത്തെ ഉപഭോഗം. മാര്‍ച്ച് 17ന് 92.1577 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. കഴിഞ്ഞ വര്‍ഷം ഇതേസമയം അവധി ദിവസങ്ങളില്‍ ശരാശരി 83 ദശലക്ഷം യൂണിറ്റും പ്രവര്‍ത്തി ദിവസങ്ങളില്‍ 93 ദശലക്ഷം യൂണിറ്റ് വരെയുമായിരുന്നു ഉപഭോഗം. ഇത്തവണ ചൂടേറിയതോടെ ഉപഭോഗം 10 മുതല്‍ 12 ദശലക്ഷം യൂണിറ്റ് വരെ കൂടി.
തെരഞ്ഞെടുപ്പ് വര്‍ഷമായിട്ടും ചൂടിന്റെ മുന്നറിയിപ്പുകള്‍ നേരത്തെ വന്നിട്ടും ഇത് കണക്ക് കൂട്ടി മുന്നൊരുക്കങ്ങള്‍ നടത്താന്‍ കെഎസ്ഇബിക്ക് ആയില്ല. ഇതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് സ്ഥിരമായി പോസ്റ്റുകള്‍ വരുന്നുണ്ടെങ്കിലും ഉപഭോഗം കൂടുകയല്ലാതെ കുറയുന്നില്ല. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കത്തിനൊപ്പം വോള്‍ട്ടേജ് ക്ഷാമം ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാവുന്നതിനും കാരണമാകുന്നുണ്ട്. ഇതിനൊപ്പം ഫാന്‍ പോലുള്ളവയുടെ സ്പീഡ് കുറയുന്നത് ഉഷ്ണം കൂടുന്നതിനും ഉപഭോക്താക്കള്‍ക്ക് ശാരീരിക പ്രശ്നത്തിനും കാരണമാകുന്നു.
ഉപയോഗം കൂടിയതോടെ ഇതിന് ആവശ്യമായ ട്രാന്‍സ്ഫോര്‍മറുകള്‍ ഇല്ലാത്തതാണ് വോള്‍ട്ടേജ് ക്ഷാമത്തിന് മുഖ്യകാരണം. ഇതിനൊപ്പം ജീവനക്കാരെ വട്ടംകറക്കി വൈദ്യുതി മുടക്കവും തുടരുകയാണ്. ഓവര്‍ലോഡ് വരുന്നതോടെ ഫ്യൂസ് കത്തിപ്പോകുന്നത് പതിവായി. ഇതോടെ രാത്രിയില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ തോറും കറങ്ങി നടക്കേണ്ട ഗതികേടിലാണ് ജീവനക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: