കോട്ടയം: ഈ ലോകം ഇനി നന്നാവില്ലെന്ന നിരാശ പുതിയ എഴുത്തുകാരില്‍ നിറയുന്നുണ്ടോ? ഉണ്ടെന്നാണ് മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്മാന് കെ. ബൈജുനാഥ് അഭിപ്രായപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉയര്‍ന്നുവരുന്ന പുതിയ കാലത്തെ എഴുത്തുകാരില്‍ ഈ ചിന്ത ശക്തമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കോഴിക്കോട് അഭയദേവ് സ്മാരക പുരസ്കാരം സമര്‍പ്പിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. പുതിയ എഴുത്തുകാര്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നതിന്റെ ഉത്തരവാദിത്വം സമൂഹത്തിനു തന്നെയാണെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. സ്വാര്‍ത്ഥതയും താന്‍പോരിമയും പരസ്പര ബഹുമാനമില്ലായ്മയും പുതിയ തലമുറയില്‍ കൂടി വരുന്നുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ നിന്നുതന്നെയാണ് എഴുത്തുകാരെന്ന പേരില്‍ ചിലര്‍ ഉയര്‍ന്നു വരുന്നത്. അന്തസാരശൂന്യമായ ഇവരുടെ രചനകള്‍ മഹത്തരമെന്ന് പ്രചരിപ്പിക്കപ്പെടുന്നു. ഏറെക്കുറെ ഇത്തരക്കാര്‍ക്ക് മാത്രം ലഭിക്കാവുന്ന ഒന്നായി പുരസ്കാരങ്ങള്‍ മാറി. അത് നല്കാന് പ്രത്യേക ലോബികള്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ പുസ്തകങ്ങള്‍ ആരും വായിക്കുന്നില്ല. സോഷ്യല്‍ മീഡിയ വ്യാപകമായതോടെ സ്വയം പുകഴ്ത്തിക്കൊണ്ടുള്ള പ്രത്യക്ഷമായ പോസ്റ്റുകളിടാന്‍ പോലും ഇവര്‍ക്ക് മടിയില്ലാതായി. ഇത്തരക്കാരെ പിന്തുണയ്ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വൈതാളികവൃന്ദവുമുണ്ട്. പരസ്പരം പുറം ചൊറിയുക എന്നതാണ് ഇവരുടെ ലൈന്‍. നാട്ടിലെ സാംസ്കാരിക നായകരും ഉദ്ഘാടന തൊഴിലാളികളായും മാറുന്നതല്ലാതെ ഇക്കൂട്ടര്‍ സാഹിത്യത്തിന് ഒരു സംഭാവനയും നല്‍കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ കൊണ്ടാടപ്പെടുന്ന വ്യാജ വിഗ്രഹങ്ങള്‍ നാട് നിറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രതിഭയുള്ളവര്‍ നിരാശരായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ എന്നാണ് വായനക്കാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: