കാലിഫോര്‍ണിയ: സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിളിനെതിരെ യുഎസ് ഭരണകൂടം കോടതിയെ സമീപിച്ചു. സ്മാര്‍ട്ഫോണ്‍ വിപണിയെ ആപ്പിള്‍ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്.
തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും എതിരാളികളുടെ ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് കുറയ്ക്കാന്‍ നിയമവിരുദ്ധമായ നടപടികള്‍ കമ്പനി കൈക്കൊള്ളുന്നതായി യുഎസ് നീതി വകുപ്പ് ആരോപിക്കുന്നു.
ന്യൂജേഴ്സിയിലെ ഫെഡറല്‍ കോടതിയിലും 16 സംസ്ഥാനങ്ങളിലെ അറ്റോര്‍ണികള്‍ക്കും ആപ്പിളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആപ്പിളിന്റെ പ്രവര്‍ത്തന രീതിയെയാകെ ചോദ്യം ചെയ്തുകൊണ്ടാണ് പരാതി. വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപിക്കുന്നു.
ഒട്ടനവധി സേവനങ്ങള്‍ ഒന്നിച്ച് ലഭിക്കുന്ന സൂപ്പര്‍ ആപ്പുകള്‍, സട്രീമിങ് ആപ്പുകള്‍ എന്നിവ വികസിപ്പിക്കുന്നത് തടയുന്നതിന് ആപ്പിള്‍ ശ്രമിച്ചുവെന്ന് യുഎസ് ഭരണകൂടം പരാതിയില്‍ പറയുന്നു. അത്തരം ആപ്പുകള്‍ ഉപഭോക്താക്കള്‍ ഐഫോണില്‍ തന്നെ നില്‍ക്കുന്നതിന് സഹായിക്കില്ലെന്ന് കണ്ടാണ് ഇത്. എതിരാളികളായ കമ്പനികള്‍ നിര്‍മിക്കുന്ന സ്മാര്‍ട് വാച്ചുകള്‍ ഐഫോണുമായി ബന്ധിപ്പിക്കുന്നത് കമ്പനി മനപ്പൂര്‍വം സങ്കീര്‍ണമാക്കുന്നു.
യുഎസ് നിയമം അനുസരിച്ച് വ്യവസായ പങ്കാളികളെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് ആപ്പിളിന്റെ വിശദീകരണം. പരാതി വസ്തുനിഷ്ടമല്ലെന്നും നിയമവിരുദ്ധമാണെന്നും കമ്പനി ആരോപിച്ചു. അതിനിടെ എപിക് ഗെയിംസ്, മെറ്റ, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ആപ്പിളിന്റെ കുത്തക നിലപാടുകള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: