കോട്ടയം: ഉത്സവങ്ങൾ മുൻകാലത്തേക്കാളേറെ ആഘോഷമായും ആവേശത്തോടെയും നടക്കുന്നുണ്ടെങ്കിലും ഇതിന്റെ ഓരം പറ്റി ജീവിക്കുന്ന കുറേ മനുഷ്യർ ഇപ്പോൾ പ്രതിസന്ധിയിലാണ്. ഉത്സവ പറമ്പുകളിൽ നാം കാണുന്ന ചിന്തിക്കടയെന്നു വിളിക്കുന്ന ചെറുകിട കച്ചവടക്കാരാണ് പ്രതിസന്ധിയിലായത് . ക്ഷേത്രോത്സവങ്ങൾ രാത്രി പത്തുമണി വരെ നിജപ്പെടുത്തിയ പൊലീസും, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളോട് ഭ്രമമില്ലാത്ത ന്യൂ ജെൻ കുട്ടികളും വരെ ചിന്തിക്കടക്കാരുടെ കച്ചവടം കുറയ്ക്കുകയാണ്. ഇടയ്ക്ക് മഴ പെയ്താൽ പറയുകയും വേണ്ട
ഇപ്പോഴത്തെ പ്രധാന പ്രശ്നം ചിന്തിക്കടയിൽ കിട്ടുന്ന സാധനങ്ങളെല്ലാം അതതു പ്രദേശങ്ങളിലെ സ്ഥിരം കടകളിൽ കിട്ടുമെന്നതാണ്. അതിനാൽ ഉത്സവ പറമ്പുകളിൽ നിന്ന് അധികമാരും ഒന്നും വാങ്ങാറില്ല. ഇവിടെ കിട്ടുന്ന വളയും മാലയുമൊന്നും ആർക്കും വേണ്ട. അതേക്കാൾ മികച്ചത് ഓൺലൈനിൽ കിട്ടുന്ന കാലമാണ്.
പലയിടത്തും ഇപ്പോൾ പഴയ കാലത്തിൽ നിന്നു വ്യത്യസ്തമായി വലിയ തറവാടക കൊടുക്കണം. കട കെട്ടിയെടുത്ത് സാധനങ്ങൾ നിരത്തുന്നതും മറ്റും ഒരു പണിയാണ്.. ഒരു ഉത്സവപ്പറമ്പിൽ മൂന്നു ദിവസമേ സാധാരണ കച്ചവടം ഉണ്ടാകൂ. അവിടെ നിന്ന് തൊട്ടടുത്ത സ്ഥലത്തെ ഉത്സവ പറമ്പിലേക്ക് സാധനങ്ങൾ മാറ്റുകയാണ് സാധാരണ പതിവ് അതിനാൽ കച്ചവടമില്ലെങ്കിൽ ഒരിടത്ത് അതിൽ കൂടുതൽ തുടർന്നെ ന്നുവരും . കോട്ടയം ജില്ലയിൽ തന്നെ ഡിസംബറിൽ തുടങ്ങിയാൽ മേയ് വരെ മുപ്പതിലേറെ പ്രധാനപ്പെട്ട ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളുമുണ്ട് .
ഒരു സ്ഥലത്തു കടയിടണമെങ്കിൽ പതിനയ്യായിരം രൂപയെങ്കിലും ചെലവാണ്. പലപ്പോഴും ചെലവു കാശു മാത്രമാണ് തിരികെ കിട്ടുക. പണ്ടൊക്കെ ഒരു കച്ചവടക്കാരന് ചെറിയൊരു ഉത്സവ പറമ്പിൽ നിന്നുതന്നെ അൻപതിനായിരം രൂപയുടെ വരെ കച്ചവടം കിട്ടുമായിരുന്നെന്ന് പാല വെള്ളാപ്പാട് ക്ഷേത്രത്തിൽ ചിന്തിക്കട നടത്തുന്ന നവാസ് പറഞ്ഞു. കൂടുതൽ വലിയ ക്ഷേത്രങ്ങളിൽ നിന്ന് നല്ല വരുമാനം കിട്ടും. ആലുവ ശിവ രാത്രി പോലുള്ള ഇടങ്ങളിൽ ലക്ഷങ്ങളാണ് വരുമാനം. അവിടങ്ങളിൽ അതനുസരിച്ചുള്ള തറവാടക കൊടുക്കേണ്ടിവരുമെന്നു മാത്രം .
ചിലയിടത്തു ലാഭം ചിലയിടത്തു നഷ്ടം. എങ്കിലും കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ഒരു തൊഴിലെന്ന നിലയ്ക്ക് ഉത്സവപറമ്പുകളിൽ നിന്ന് മറ ഉത്സവപറസുകളിലേക്ക് ഇവരുടെ യാത്ര തുടരുകയാണ്. പഴയ മനുഷ്യരുടെ ഗൃഹാതുരത്വമാർന്ന ഓർമ്മകളെ തൊട്ടുണർത്തിക്കൊണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: