ചെന്നൈ: മറ്റുള്ളവരുടെ സല്പേരിനു കളങ്കം വരുത്താനുള്ള ലൈസന്‍സ് യൂടൂബര്മാര്ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. തമിഴ് സിനിമാനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
യൂടൂബര്‍ ഈ വീഡിയോ വഴി സമാഹരിച്ച പണം കോടതിയില്‍ കരുതല്‍ നിക്ഷേപമാക്കാനും കോടതി ഉത്തരവിട്ടു. ലഹരി മരുന്നു കച്ചവടത്തില്‍ നിന്നു ലഭിച്ച പണമാണ് ലൈക്ക സിനിമ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു യൂടൂബര്‍ ആരോപിച്ചത്. ആരോപണം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ലൈക്ക പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചു. ഇവര്‍ക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തമിഴ് യൂടൂബര്‍ എ ശങ്കറിനെതിരെയാണ് കോടതി വിധി. റിലീസ് ചെയ്ത ദിവസം തന്നെ റിവു ബോംബിംഗ് നടത്തി സിനിമയെ നശിപ്പിക്കുന്നതിനെതിരെ സമാന വിധികള്‍ കേരള ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കൂടുതല്‍ പ്രേക്ഷകരിലേക്കെത്താനുള്ള ശ്രമത്തിനിടെ എന്തും വിളിച്ചു പറയുന്ന യൂടൂബര്‍മാരുടെ പ്രവണതക്കെതിരെ നിരന്തരം പരാതികളുയരുന്ന സാഹചര്യത്തില്‍ ഉത്തരവിന് പ്രാധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: