പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജ് ജീവനൊടുക്കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കുടുംബത്തിന്റെ പരാതി.ചുമതലയേറ്റ നാള് മുതല്‍ പ്രാദേശിക സി പി എം നേതാക്കള്‍ മനോജിനെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് പരാതിയില്‍ പറയുന്നു.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ചിലയാളുകള്‍ മനോജിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന് മധുവാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. മനോജ് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് പ്രാദേശിക നേതാക്കള്‍ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
ഈ മാസം 11നാണ് മനോജിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.സംഭവത്തില്‍ അടൂര്‍ ആര്‍ടിഒയോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: