രണ്ടു സീറ്റില്‍ നിന്ന് കേവല ഭൂരിപക്ഷത്തേക്കുള്ള ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് പറയാത്തവരില്ല. ബിജെപിയെ ഈ നിലയിലെത്തിച്ചതാര് എന്നത് ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്, ഇടത് നേതാക്കളുടെ പോരിനും കാരണമാകാറുണ്ട്. അദ്വാനിയിലും വാജ്പേയിയിലും മാത്രം ഒതുങ്ങിപ്പോയ ബിജെപിയെ വലിയ ശക്തിയായി വളര്‍ത്തിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് വാദിക്കുന്ന സിപിഎം നേതാക്കളുണ്ട്. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി നേതാക്കള്‍ക്കൊപ്പം കൂടിയത് നിങ്ങളാണെന്ന മറുപടിയാണ് കോണ്‍ഗ്രസുകാര്‍ നല്‍കുക.
ലോക്സഭയില്‍ ബിജെപിക്ക് രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന സന്ദര്‍ഭം ഉണ്ടായി എന്നത് നേരാണ്. എന്നാല്‍ ആ രണ്ട് അംഗങ്ങള്‍ വാജ്പേയിയും അദ്വാനിയും അല്ല എന്നതാണ് നേര്.
1984 ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി രണ്ടു സീറ്റിലൊതുങ്ങിയത്. 1980ല്‍ ബിജെപി രൂപം കൊണ്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ്. ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗം ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ വാജ്പേയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദയനീയമായി തോറ്റു. ഗ്വാളിയോറില്‍ മാധവ റാവു സിന്ധ്യയോട് രണ്ടേ മുക്കാല്‍ ലക്ഷം വോട്ടിനാണ് വാജ്പേയി പരാജയപ്പെട്ടത്. രാജ്യസഭാംഗമായിരുന്ന അദ്വാനി മത്സരിച്ചില്ല. അമേഠിയില്‍ രാജീവ് ഗാന്ധിക്ക് 3.65 ലക്ഷം വോട്ടു കിട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ മനേക ഗാന്ധിക്ക് കിട്ടിയത് അരലക്ഷം വോട്ടു മാത്രമായിരുന്നു. അമിതാഭ് ബച്ചന് ഉള്‍പ്പെടെ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 404 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി.
ഗുജറാത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് ബിജെപിക്ക് ഓരോ സീറ്റ് കിട്ടിയത്. ഗുജറാത്തിലെ മേഹ്ന മണ്ഡലത്തില്‍നിന്ന് എ.കെ.പാട്ടീലും ആന്ധ്രയിലെ ഹനംകൊണ്ടയില്‍ നിന്ന് സി. ജഗ്ഗ റെഡ്ഡിയുമാണ് ജയിച്ചത്. വടക്കേ ഇന്ത്യന്‍ പാര്‍ട്ടിയെന്ന ആക്ഷേപം ശക്തമായിരുന്നപ്പോള്‍ കിട്ടിയ രണ്ടു സീറ്റില്‍ ഒന്ന് ദക്ഷിണേന്ത്യയില്‍ നിന്ന്. അതു മാത്രമായിരുന്നില്ല പ്രത്യേകത. ആന്ധ്രയില്‍ ബിജെപി തോല്‍പ്പിച്ചത് പി.വി. നരസിംഹ റാവുവിനെ ആയിരുന്നു. ആന്ധ്രയില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനും ഒക്കെയായ സാക്ഷാല്‍ നരസിംഹ റാവു ഹാട്രിക് വിജയം തേടി മത്സരിച്ച സിറ്റിങ് സീറ്റില്‍ അരലക്ഷത്തിലധികം വോട്ടിനു തോറ്റു. മഹാരാഷ്ട്രയിലെ റാംടക്കിലും ജനവിധി തേടിയിരുന്ന റാവു അവിടെ വിജയിച്ചതിനാല്‍ ലോക്സഭയിലെത്തുകയും രാജീവ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയാകുകയും ചെയ്തു.
അഞ്ചു വര്‍ഷം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടില്‍ നിന്ന് 85 സീറ്റിലേക്കായി ബിജെപിയുടെ കുതിപ്പ്. 1991ല്‍ സീറ്റ് 120 ആയി. 1996 (161), 1998 (182), 1999(182), 2004(138), 2009(116), 2014 (282) എന്നിങ്ങനെയായിരുന്നു ബിജെപി സീറ്റ്. 2019 ല്‍ 303 സീറ്റ് സ്വന്തമാക്കി ചരിത്രവിജയവും ബിജെപി സ്വന്തമാക്കി.
ബിജെപിയുടെ മുന്‍ രൂപമായിരുന്ന ഭാരതീയ ജനസംഘത്തിന് 1952 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കിട്ടിയത് മൂന്ന് സീറ്റായിരുന്നു. 1957 ല്‍ ഒരു സീറ്റ് കൂടി നാലായി. 62ല്‍ 14, 67ല്‍ 35, 71ല്‍ 22 എന്നിങ്ങനെയായിരുന്നു ജനസംഘം സീറ്റുകള്‍. 1977 ലും 1980 ലും ജനതാ പാര്‍ട്ടിയില്‍ ലയിച്ച് ഒന്നിച്ചാണ് മത്സരിച്ചത്. 77ല്‍ 295 സീറ്റ് നേടി ജനതാ പാര്‍ട്ടി അധികാരം പിടിച്ചപ്പോള്‍ 80 ല്‍ 37 സീറ്റാണ് കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: