ലണ്ടന്‍: സ്വന്തം തട്ടകത്തില്‍ നടന്ന ആവേശപ്പോരില്‍ ഇന്‍ജുറി ടൈമിലെ രണ്ട് ഗോളുകളിലൂടെ എഫ്എ കപ്പ് സെമിയില്‍ കടന്ന് ചെല്‍സി. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ലിസെസ്റ്റര്‍ സിറ്റിക്കെതിരെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ എതിരാളികള്‍ രണ്ടെണ്ണം തിരിച്ചടിച്ച് വെല്ലുവിളി കടുപ്പിച്ചു. ഇതിനെതിരെ അദ്ധ്വാനിച്ച് കളിച്ച ചെല്‍സിക്ക് ഇന്‍ജുറി ടൈമില്‍ ഫലം ലഭിച്ചു.
90+2ാം മിനിറ്റില്‍ കാര്‍ണേ ചുക്വീമേകയും 90+8-ാം മിനിറ്റില്‍ നോനി മഡ്യൂക്കെയും നേടിയ ഗോളുകളിലാണ് ചെല്‍സി ലിസെസ്റ്റര്‍ സിറ്റിക്കെതിരായ അഭിമാനപോരാട്ടത്തില്‍ വെന്നിക്കൊടി പാറിച്ചത്. മത്സരത്തിന്റെ 73-ാം മിനിറ്റില്‍ ലിസെസ്റ്ററിന്റെ പ്രതിരോധക്കാരന് കാല്യൂം ഡോയ്ലെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് പത്ത് പേരായാണ് ലിസെസ്റ്റര്‍ സിറ്റി കളിച്ചത്.
തുടക്കത്തില്‍ പ്രതിരോധ താരം മാര്‍ക് സുസുറെല്ല നേടിയ ഗോളിലാണ് ചെല്‍സി ക്വാര്‍ട്ടറില്‍ അക്കൗണ്ട് തുറന്നത്. ചെല്‍സിയുടെ സെനഗല്‍ സ്ട്രൈക്കര്‍ നിക്കോളാസ് ജാക്സണ് നല്കിയ ക്രോസിലേക്ക് ഓടിയെത്തിയ പ്രതിരോധക്കാരന് സുസുറെല്ല പന്ത് വലയിലെത്തിച്ചു. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് കോള്‍ പാല്‍മറിലൂടെ ചെല്‍സി ലീഡ് ഇരട്ടിപ്പിച്ചു.
മത്സരം രണ്ടാം പകുതിയിലേക്ക് പുരോഗമിക്കുമ്പോള്‍ ലിസെസ്റ്റര്‍ സിറ്റി അല്‍പ്പം കൂടി ഉണര്‍ന്നു. 51-ാം മിനിറ്റിലെ പ്രസ്സിങ്ങില് ലിസെസ്റ്റര്‍ ഒരുഗോള്‍ നേടി. ദാന ഗോളായാണ് ഇത് വിധിക്കപ്പെട്ടത്. 11 മിനിറ്റിനകം സ്റ്റെഫി മാവിഡിഡിയിലൂടെ ലിസെസ്റ്റര്‍ ഒപ്പമെത്തി. ചെല്‍സി അപകടം മണത്തെങ്കിലും കളിയുടെ മൂര്‍ച്ഛ ഒട്ടും കുറയ്ക്കാതെ പൊരുതിനിന്നു. 72-ാം മിനിറ്റിലെ ചെല്‍സി മുന്നേറ്റമാണ് ഫൗളിലേക്കും ലിസെസ്റ്റര്‍ ഡിഫെന്‍ഡര്‍ കാല്യൂം ഡോയ്ലെയുടെ ചുവപ്പ് കാര്‍ഡ് കാണലിലും കലാശിച്ചത്. പിന്നീട് ആവേശത്തോടെ പൊരുതിയ ചെല്‍സി സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: