ന്യൂദല്‍ഹി: 2031ല്‍ തന്നെ ഇന്ത്യയുടെ സമ്പദ് ഘടന വലിയ കുതിപ്പ് നടത്തി അതൊരു ഉന്നത-മധ്യവര്‍ഗ്ഗ സമ്പദ്ഘടനയായി വളരുമെന്ന് അമേരിക്കന്‍ കമ്പനിയായ സ്റ്റാന്‍ഡേഡ് ആന്റ് പുവേഴ്സിന്റെ (S&P- Standard and Poor’s) ഉപസ്ഥാപനമായ ക്രിസില്‍(CRISIL). ഈ പ്രവചനത്തിന് പിന്നാലെ അമേരിക്കയിലെ ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ ഫിച്ച് ഇന്ത്യയുടെ 2023-24 നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 7,8 ശതമാനമായി ഉയരുമെന്ന് പ്രവചിക്കുന്നു.
കഴിഞ്ഞ ആഴ്ച ക്രെഡിറ്റ് റേറ്റിംഗും ക്രൈഡിറ്റ് ഗവേഷണവും നടത്തുന്ന ഏജന്‍സിയായ ഇന്ത്യാ റേറ്റിംഗ് ആന്റ് റിസര്‍ച്ച് (India Rating and Research) പ്രവചിച്ചത് 2033ല്‍ ഇന്ത്യ ഉന്നത-മധ്യവര്‍ഗ്ഗ സമ്പദ്ഘടനയായി മാറുമെന്നാണ്. ഉന്നത-മധ്യവര്‍ഗ്ഗ സമ്പദ്ഘടനയുള്ള രാജ്യങ്ങളില്‍ ചൈന, റഷ്യ തുടങ്ങിയ വളര്‍ച്ച നേടിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇന്ത്യാ റേറ്റിംഗ് ആന്റ് റിസര്‍ച്ച് പ്രവചിക്കുന്ന 2033നേക്കാള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ ഇന്ത്യ ഉന്നത-മധ്യവര്‍ഗ്ഗ സമ്പദ്ഘടനയാകുമെന്നാണ് ക്രിസില്‍ പ്രവചിക്കുന്നത്. മാത്രമല്ല, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ച നേടുമെന്നും ക്രിസില്‍ പറയുന്നു.
2031ല്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും ക്രിസില്‍ പറയുന്നു. ഇപ്പോള്‍ 3.6 ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയായ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ്. ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ളത് യുഎസ്, ചൈന, ജപ്പാന്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ്. പക്ഷെ 2031ല്‍ ഇന്ത്യ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി 6.7 ട്രില്യണ്‍ ഡോളര്‍ (6.7 ലക്ഷം കോടി ഡോളര്‍) വലിപ്പമുള്ള സാമ്പത്തിക ശക്തിയായി മാറുമെന്നും ക്രിസില്‍ പ്രവചിക്കുന്നു. 2025 മുതല്‍ 2031 വരെയുള്ള കാലഘട്ടത്തില്‍ മോദിയുടെ സ്വപ്നമായ 5 ട്രില്യണ്‍ ഡോളര്‍ (5 ലക്ഷം കോടി ഡോളര്‍) എന്ന അത്ഭുതസംഖ്യ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുറിച്ചുകടക്കുമെന്നും അത് 7 ട്രില്യണ്‍ ഡോളറിലേക്ക് കുതിക്കുമെന്നുമാണ് ക്രിസില്‍ പറയുന്നത്.
ആഭ്യന്തരവിപണിയില്‍ നിന്നുള്ള കരുത്തും ജിഎസ് ടി പോലുള്ള ഘടനാപരമായ മാറ്റങ്ങളും ഇന്ത്യയെ കുതിപ്പിക്കുമെന്നാണ് ക്രിസില്‍ പ്രവചനം. 2023-24 സാമ്പത്തിക വര്‍ഷം ഏകദേശം 7.6 ശതമാനം വളര്‍ച്ച നേടുന്ന ഇന്ത്യ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം എന്ന യഥാര്‍ത്ഥ ജിഡിപി (ആഭ്യന്തരോല്പാദനം) കൈവരിക്കുമെന്നും ക്രിസില്‍ പ്രവചിക്കുന്നു.
വായ്പനല്‍കാന്‍ കഴിയുന്ന ബാങ്കുകളുടെ കരുത്തുറ്റ ബാലന്‍സ് ഷീറ്റും ഹരിതോര്ജ്ജരംഗത്തേക്കുള്ള പരിവര്‍ത്തനവും ആഗോള വിതരണശൃംഖലയില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയുള്ള വൈവിധ്യവല്ക്കരണത്തില് നിന്നും ലഭിക്കുന്ന അവസരങ്ങളും പ്രധാനമേഖലകള്‍ ഉയര്‍ന്ന ഉല്പാദനശേഷി കൈവരിക്കുന്നതും എല്ലാം ഇന്ത്യയുടെ ഉല്പാദനമേഖലയെ പ്രസന്നമായ ഒരു കാലാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണെന്ന് ക്രിസില്‍ എംഡി അമിഷ് മേത്ത പറയുന്നു.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.8 ശതമാനത്തിലേക്ക് ഉയര്‍ത്തി ഫിച്ച്
നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ (2023-24) 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഫിച്ച് പ്രവചിക്കുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ പ്രവചിച്ച 7.6 ശതമാനം സാമ്പത്തിക വളര്‍ച്ചയേക്കാള്‍ 0.2 ശതമാനം അധികമാണ്. അതേ സമയം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും പറയുന്നു. നേരത്തെ 6.5 ശതമാനം എന്നാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച ഫിച്ച് കണക്കാക്കിയിരുന്നത്. അതായത് 0.5 ശതമാനത്തിന്റെ അധിക വളര്‍ച്ച കണക്കാക്കുന്നു.
ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം അധികമാണെന്നും ഇന്ത്യയില്‍ നല്ലതുപോലെ നിക്ഷേപം ഉണ്ടാകുമെന്നും ഫിച്ച് പറയുന്നു. ഇന്ത്യയുടെ ചില്ലറ നാണ്യപ്പെരുപ്പം(Retail inflation) 5.1 ശതമാനമെന്ന തോതാണ് ഫെബ്രുവരിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത് ശുഭപ്രതീക്ഷ പകരുന്നു. ഈ ചില്ലറ നാണ്യപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് പണനയത്തില്‍ വായ്പാപലിശ നിരക്ക് എത്ര വേണമെന്ന് റിസര്‍വ്വ് ബാങ്ക് പോലും തീരുമാനിക്കുന്നത്.
ചൈനയുടെ വളര്‍ച്ചാനിരക്ക് താഴ്ത്തി ഫിച്ച്
ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് 6.5 ശതമാനത്തില്‍ നിന്നും 7 ശതമാനത്തിലേക്ക് ഉയര്‍ത്തിയപ്പോള്‍ തന്നെ അതേ സമയം ചൈനയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് 4.6 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് താഴ്ത്തിയിരിക്കുകയാണ് ഫിച്ച് (Fitch ratings). ചൈനയുടെ റിയല്‍ എസ്റ്റേറ്റ് മേഖല വന്‍തകര്‍ച്ചയെ നേരിടുകയാണ്. വസ്തുവില്പന ചൈനയില്‍ കോവിഡിന് ശേഷം അതിവേഗം താഴുകയാണ്. 2021ല്‍ 15 ട്രില്യണ്‍ യെന്‍ എന്ന നിലയില്‍ നിന്നും 2023ല്‍ 12 ട്രില്യണ്‍ യെന്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തി. റസിഡന്‍ഷ്യല്‍, വാണിജ്യ വസ്തുവില്പനകളില് ഒരു പോലെ ഈ വീഴ്ച പ്രകടമാണ്. വീടുകള്‍ക്കുള്ള ഡിമാന്റ് 50 ശതമാനത്തേക്കാള്‍ താഴെയാണ്. എവര്ഗാന്ഡെ എന്ന വലിയ റിയല്‍എസ്റ്റേറ്റ് കമ്പനി കടം തിരിച്ചടക്കാന്‍ കഴിയാതെ ഒടുവില്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടെന്ന് മാത്രമല്ല, എവര്‍ ഗ്രാന്‍ഡെയുടെ ഓഹരിവില്പന ഹോങ്കോങ് ഓഹരിവിപണിയില്‍ നിരോധിക്കുകയും ചെയ്തു. ചൈനയില്‍ ഉടനീളമുള്ള 280 നഗരങ്ങളില്‍ എവര്‍ഗ്രാന്‍ഡെ പണിത 1300ഓളം കെട്ടിടങ്ങള്‍ വിറ്റുപോകാതെ കിടക്കുകയാണ്.
പണച്ചുരുക്കമാണ് (Deflation) ചൈനയെ അലട്ടുന്ന മറ്റൊരു പ്രശ്നം. ഉപഭോക്താക്കളുടെ കയ്യില്‍ ചെലവഴിക്കാന്‍ ആവശ്യത്തിന് പണമില്ലാതെ വരുമ്പോള്‍ സാധനങ്ങളുടെ വില ഇടിയുന്നതാണ് പണച്ചുരുക്കം. ഉപഭോഗസാധനങ്ങളുടെ വില ഇടിയുന്നത് നല്ലത് തന്നെ. പക്ഷെ അത് വാങ്ങി ഉപയോഗിക്കാന്‍ ആളുകളുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ വില ഇടിയുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തന്നെ വലിയ കുരുക്കാകും. 1990കളില്‍ ഏഷ്യന്‍ സാമ്പത്തികപ്രതിസന്ധിപോലെ ശക്തമായ സാമ്പത്തിക പ്രതിസന്ധിയാണ് ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 1990കളില്‍ സാമ്പത്തികമായി ഉദാരവല്‍ക്കണം നടന്നപ്പോള്‍ വന്‍തോതില്‍ വിദേശനാണ്യം ഒഴുകിവന്നു. പക്ഷെ പിന്നീട് അത് വലിയ പ്രതിസന്ധിക്ക് വഴിവെച്ചു. പലിശനിരക്ക് വന്‍തോതില്‍ ഉയര്‍ന്നു. തായ്ലാന്റില് ആരംഭിച്ച ആ പ്രതിസന്ധി ചൈന ഉള്‍പ്പെടെയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങലിലേക്ക് പടര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: