ന്യൂദല്‍ഹി: വന്‍ സ്വര്‍ണവേട്ടയുമായി ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ). നാല് സംസ്ഥാനങ്ങളില്‍ നിന്നായി 40 കോടി വിലമതിക്കുന്ന 61 കിലോയിലധികം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. വിദേശത്തു നിന്ന് ഭാരതത്തിലേക്ക് സ്വര്‍ണക്കടത്ത് നടത്തുന്ന പ്രധാന സംഘങ്ങളില്‍ നിന്നാണ് ഡിആര്‍ഐ സംഘം ഇത് പിടികൂടിയത്.
റൈസിങ് സണ്‍ എന്ന് പേര് നല്കിയ ഈ ഓപ്പറേഷനിലൂടെ ആകെ 61. 08 കിലോഗ്രാം സ്വര്‍ണം ഡിആര്‍ഐ പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 12 പേര് അറസ്റ്റിലായി. എട്ട് പേര് ഗുവാഹത്തിയില്‍ നിന്നും രണ്ട് പേര് മുസാഫര്‍പൂരില്‍ നിന്നും രണ്ട് പേര് ഗോരഖ്പൂരില്‍ നിന്നുമാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ രണ്ട് പേര് സ്വര്‍ണക്കടത്തിന്റെ മുഖ്യാസൂത്രകരാണ്. ഇവരില്‍ നിന്ന് അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഭാരത – മ്യാന്മര് അതിര്‍ത്തി വഴി ഭാരതത്തിലേക്ക് സ്വര്‍ണം കടത്തുകയും ഗുവാഹത്തിയില്‍ വച്ച് അവ കൈപ്പറ്റി ദല്‍ഹി, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് അറസ്റ്റ്. ഗുവാഹത്തി, ബാര്‍പേട്ട, ദര്‍ഭംഗ, ഗോരഘ്പൂര്‍, അരാരിയ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ഡിആര്‍ഐ തെരച്ചില്‍ നടത്തുകയായിരുന്നു.
ഗുവാഹത്തിയില്‍ നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 22.74 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് വാഹനങ്ങളും ഇലക്ട്രോണിക് സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബാരപെട്ടയില് നിന്ന് 13.28 കിലോഗ്രാം, ദര്‍ഭാംഗ- 13.27, ഗോരഖ്പൂര്‍- 11.79 കിലോഗ്രാം എന്നിങ്ങനേയും പിടികൂടിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഒമ്പത് കാറുകളും ബീഹാര്‍ അരാരിയയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: