കോട്ടയം: സംസ്ഥാന ഭരണകൂടത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള നിര്‍വഹണ ഉദ്യോഗസ്ഥരായ വില്ലേജ് ഓഫീസര്‍മാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ (47) ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് അതീവ ഗുരുതരമായ ഈ പ്രശ്നം വീണ്ടും ചര്‍ച്ചയാവുന്നത്.
സി.പിഎം പ്രാദേശിക നേതാക്കളുടെ മാനസിക സമ്മര്‍ദ്ദമാണ് മനോജിന്റെ അത്മഹത്യയിലേക്കു നയിച്ചതെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കള്‍. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായി. അവധിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുന്‍പിരുന്ന വില്ലേജ് ഓഫീസര്‍ സമാന സാഹചര്യത്തില്‍ സ്ഥലംമാറ്റം വാങ്ങി പോവുകയായിരുന്നു.
രാവിലെ ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് മനോജ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മുന്‍കാലങ്ങളിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തിന് സംസ്ഥാന ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചതിനുശേഷമാണ് ഭീഷണി അസഹനീയമായതെന്ന് വില്ലേജ് ഉദ്ദോഗസ്ഥര്‍ പറയുന്നു. തുടര്‍ന്നും തങ്ങള്‍ മാത്രമാകും സംസ്ഥാനം ഭരിക്കുകയെന്നും നോക്കിക്കണ്ടു നിന്നാല്‍ സര്‍വീസില്‍ തുടരാമെന്നുമാണ് പ്രാദേശിക സി.പി.എം നേതാക്കളുടെ നിലപാട്.
സ്ഥലം കൈമാറ്റം, മണ്ണെടുപ്പ്, പാറ ഖനനം തുടങ്ങിയ വിഷയങ്ങളില്‍ അനുകൂലമായ തീര്‍പ്പുണ്ടായില്ലെങ്കില്‍ പരസ്യമായി വെല്ലുവിളിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യും. ജീവനെക്കരുതി കൊള്ളരുതായ്മകള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ട ഗതികേടിലാണ് ഉദ്ദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: