ഹവേരി: മുളകുവില ഇടിഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടക ഹവേരിയില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. പ്രസിദ്ധമായ ബ്യാഡഗി മുളകിന്റെ വില ഇടിഞ്ഞതോടെയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധത്തെ ബലം പ്രയോഗിച്ച് നേരിട്ടത് കര്‍ഷകരെ പ്രകോപിപ്പിച്ചു.
ക്വിന്റലിന് 25,000 രൂപവരെ ലഭിച്ചിരുന്ന മുളകിന് തിങ്കളാഴ്ച 8000 രൂപയായി കുഞ്ഞതോടെ അഗ്രികള്‍ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിക്കെതിരെ(എപിഎംസി) ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം. 2022ല്‍ ബ്യാഡഗി മുളകിന് ക്വിന്റലിന് 76,000 രൂപവരെ ലഭിച്ചിരുന്നു. രണ്ടാഴ്ചയ്‌ക്കുള്ളില്‍ വന്‍ വിലക്കുറവാണെന്നും കര്‍ഷകര്‍ ആരോപിച്ചു.
പ്രതിഷേധക്കാര്‍ 10 ബൈക്കുകളും രണ്ട് കാറുകളും ഒരു ജീപ്പും അഗ്നിക്കിരയാക്കി. അഡീഷണല്‍ പോലീസ് സൂപ്രണ്ടന്റിന്റെ ജീപ്പാണ് കത്തിച്ചത്. പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ബ്യാഡഗി പോലീസ് അന്വേഷണം ആരംഭിച്ചതായും കര്‍ഷകര്‍ ശാന്തരാകണമെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചു. പ്രദേശത്ത് 144 ഏര്‍പ്പെടുത്തിയതായി ഹവേരി എസ്പി അന്‍ഷുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: