ഐശ്വര്യവും സമ്പത്തും വര്‍ധിക്കാന്‍ വീട്ടില്‍വെച്ച് ആരാധിക്കാവുന്ന അതി ശ്രേഷ്ഠമായ യന്ത്രമാണ് ശ്രീചക്രം. ആദിപരാശക്തിയെ ലളിതാംബികാ ഭാവത്തില്‍ ശ്രീചക്രം ഉള്‍ക്കൊള്ളുന്നു. യന്ത്രങ്ങളുടെ അഥവാ ചക്രങ്ങളുടെ രാജാവായാണ് ശ്രീചക്രം പ്രകീര്‍ത്തിക്കപ്പെടുന്നത്. സകലദേവീദേവന്മാരുടെയും ഉത്ഭവകാരണവും രക്ഷകയുമാണ് ലളിതാംബിക. ലളിതാംബികയുടെ വാസസ്ഥാനമായ ശ്രീചക്രത്തിന്റെ സവിശേഷതയും അതു തന്നെ. സര്‍വദേവതാചൈതന്യങ്ങളും സകലയന്ത്ര ങ്ങളും ശ്രീചക്രത്തില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
മധ്യത്തിലുള്ള ബിന്ദുവിനെക്കൂടി ചക്രമായി പരിഗണിച്ചാല്‍ ഒമ്പതു ചക്രങ്ങള്‍ ശ്രീചക്രത്തിലുണ്ട്. ശ്രീചക്രമഹത്വവും അതിന്റെ ഫലശ്രുതിയും വെളിവാക്കുന്നവയാണ് ഈ ഒമ്പതു ചക്രങ്ങളും. ത്രൈലോക്യ മോഹനം, സര്വാശാപരിപൂരകം, സര്‍വസംക്ഷോഭണം, സര്‍വസൗഭാഗ്യദായകം, സര്‍വാര്‍ത്ഥസാധകം, സര്‍വരക്ഷാകരം, സര്‍വരോഗഹരം, സര്‍വസിദ്ധിപ്രദം, സര്‍വാനന്ദമയം എന്നിങ്ങനെയാണ് ചക്രങ്ങളുടെ പേരുകള്‍. ശ്രീചക്രത്തിന് പൂജ നടത്താന്‍ ഗുരുവിന്റെ ഉപദേശം ആവശ്യമാണ്. എന്നാല്‍ വീട്ടില്‍ വച്ച് ശ്രീചക്രത്തെ ആരാധിക്കാം. ലളിതാ സഹസ്രനാമാവലികള് ഭക്തിപൂര്‍വ്വം ജപിച്ച് ചുവന്ന സുഗന്ധപുഷ്പങ്ങള്‍ കൊണ്ടോ കുങ്കുമം കൊണ്ടോ ശ്രീചക്രത്തില്‍ അര്‍ച്ചന നടത്തുന്നത് ഉത്തമമാണ്. വിധിപ്രകാരം കൃത്യമായി തയ്യാറാക്കിയ ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍ സകല ഐശ്വര്യങ്ങളും സിദ്ധിക്കും. ചെമ്പ്, വെള്ളി, സ്വര്‍ണ്ണം തുടങ്ങിയ തകിടുകളിലാണ് ശ്രീചക്രം തയ്യാറാക്കുക. സ്വര്‍ണത്തകിടില്‍ എഴുതുന്ന യന്ത്രത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ടെന്നാണ് വിശ്വാസം. ഏറെക്കാലം അതിന്റെ ശക്തി നിലനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. ത്രിമാനരൂപത്തില്‍ മേരുവിന്റെ ആകൃതിയിലും ശ്രീചക്രം നിര്‍മിക്കാറുണ്ട്. പഞ്ചലോഹത്തിലാണ് സാധാരണ ഇതു നിര്‍മ്മിക്കുന്നത്.
ശംഖിന്റെ പവിത്രത
ഹൈന്ദവസങ്കല്പങ്ങളില് ശംഖിന് പ്രത്യേക വിശുദ്ധിയും സ്ഥാനവും കല്പിക്കപ്പെടുന്നുണ്ട്. ശംഖനാദം പ്രണവ നാദം തന്നെയാണ്. വിഷ്ണുഭഗവാന്റെ കൈയിലെ പാഞ്ചജന്യം എന്ന ശംഖ് വിഖ്യാതമാണ്. ശംഖനാദം ഉയരുന്നിടത്തെല്ലാം മഹാലക്ഷ്മി കുടികൊള്ളുന്നുവെന്നും ശംഖിലെ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ പുണ്യതീര്‍ത്ഥങ്ങളിലെല്ലാം സ്നാനം ചെയ്തതിന്റെ ഫലം ലഭിക്കുന്നുവെന്നും ബ്രഹ്മവൈവര്‍ത്ത പുരാണത്തില്‍ പറഞ്ഞിരിക്കുന്നു. ശംഖ് മഹാവിഷ്ണുവിന്റെ നിവാസസ്ഥാനമായതിനാല് ശംഖ് ഇരിക്കുന്നിടത്ത് മഹാലക്ഷ്മിയുടെ സാന്നിധ്യം സദാ ഉണ്ടായിരിക്കും. ദേവി എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇടംപിരി, വലംപിരി എന്നിങ്ങനെ ശംഖ് രണ്ടു വിധത്തിലുണ്ട്. ക്ഷേത്രങ്ങളില്‍ ശംഖനാദം മുഴക്കാനും മറ്റും ഉപയോഗിക്കുന്നത് ഇടംപിരി ശംഖാണ്. അത്യപൂര്‍വ്വവും അതിവിശിഷ്ടവുമാണ് വലംപിരിശംഖ്. അമൂല്യമായൊരു രത്നത്തിനു സമാനമായാണ് വലംപിരിശംഖിനെ കാണുന്നത്. ഇതു കൈവശം വച്ചാല്‍ ധനം, കീര്‍ത്തി, ദീര്‍ഘായുസ്സ് തുടങ്ങിയവ കൈവരുമെന്നാണ് വിശ്വാസം. വലിപ്പം, തേജസ്സ്, വെണ്മ എന്നിവ കൂടുംതോറും വലംപിരിശംഖ് പ്രദാനം ചെയ്യുന്ന സദ്ഫലശേഷി വര്‍ദ്ധിക്കുന്നു. ഇത്തരത്തില്‍ ഉത്തമമായ ശംഖില്‍ എന്തെ ങ്കിലും കളങ്കം ഉണ്ടെങ്കില്‍ത്തന്നെ അത് സ്വര്ണ്ണംകെട്ടി സൂക്ഷിക്കുന്നതി . ലൂടെ പരിഹരിക്കപ്പെടുന്നു. ഗൃഹത്തിലെ പൂജാമുറിയില്‍ വലംപിരിശംഖ് സൂക്ഷിക്കുകയും നിത്യേന ദര്‍ശിച്ചു വണങ്ങുകയും ചെയ്യുന്നത് ഉത്തമം. ഏകാദശി തുടങ്ങിയ ശുഭദിനങ്ങളില്‍ പാല്, തീര്‍ത്ഥജലം തുടങ്ങിയവ കൊണ്ട് വലംപിരിശംഖിനെ അഭിഷേകം ചെയ്യുന്നതും ഐശ്വര്യപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: