ന്യൂദല്‍ഹി: റഷ്യയിലും ഉക്രൈനിലും യുദ്ധ മേഖലകളില്‍ അടക്കം, ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കടത്തിയ കേസില്‍ മൂന്നു മലയാളികള്‍ അടക്കം 19 പേരെ സിബിഐ അറസ്റ്റു ചെയ്തു.
തിരുവനന്തപുരം കഴക്കൂട്ടം തുമ്പ ഫാത്തിമ ആശുപത്രിക്കു സമീപം ടീന കോട്ടേജില്‍ ടോമി(ഡോമിരാജ്), കഠിനംകുളം തൈവിളാകം തെരുവില്‍ റോബോ(റോബര്‍ട്ട് അരുളപ്പന്‍), തൈവിളാകം തെരുവില്‍ ജോബ്(സജിന്‍ ഡിക്സണ്‍) എന്നിവരാണ് പിടിയിലായ മലയാളികള്‍. റാസ് ഓവര്‍സീസ് ഫൗണ്ടേഷന് എന്ന സ്ഥാപനത്തിന്റെ മറവിലാണ് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്.
കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാഫിയ ശൃംഖലയാണ് ഇതിനു പിന്നിലെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ജോലിയും നല്ല സര്‍വ്വകലാശാലകളില്‍ വിവിധ വിഷയങ്ങളില്‍ അഡ്മിഷനും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. റഷ്യയിലും ഉക്രൈനിലും എത്തുന്നതോടെ ഇവര്‍ യുവാക്കളുടെ പാസ്പോര്‍ട്ട് പിടിച്ചുവാങ്ങും. തുടര്‍ന്ന് റഷ്യന്‍ സൈന്യത്തിന്റെ വേഷം നല്കി അതിര്‍ത്തികളിലെ യുദ്ധമേഖലകളില്‍ കാവല്‍ക്കാരായി നിയോഗിക്കും. അത്യന്തം അപകടകരമായ ജോലിയാണ് നല്‍കിയിരുന്നത്. ശമ്പളമൊന്നും പലപ്പോഴും നല്‍കാറുമില്ല. യുദ്ധമേഖലയായതിനാല്‍ ആപത്തുമുണ്ടാകാം. ഭാരതത്തില്‍ നിന്ന് പോയ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് സിബിഐ കഴിഞ്ഞ രാത്രിയില്‍ തിരുവനന്തപുരം, ചെന്നൈ, ദല്‍ഹി, മുംബൈ, അടക്കം പത്തിലേറെ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവരുമായി ബന്ധപ്പെട്ട നിരവധി ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.
50 ലക്ഷം രൂപയും നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈലുകളും ലാപ്പ് ടോപ്പുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുമുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ 35 തവണകളായി ആള്‍ക്കാരെ വിദേശത്തേക്ക് കടത്തിയത് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: