ജമ്മു: സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിക്കായി സ്വന്തം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുളള. അത് അറിഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐ എന്‍ ഡി ഐ എ മുന്നണിയുടെ ഭാഗമാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന പാര്‍ട്ടിയാണെന്നും ഒമര്‍ അബ്ദുളള ഓര്‍മ്മിപ്പിച്ചു.മൂന്നാം സ്ഥാനത്ത് നില്ക്കുന്ന പാര്‍ട്ടിക്ക് സീറ്റ് ചോദിക്കാനുള്ള ഒരു അവകാശവുമില്ല. പിഡിപിക്ക് ഒപ്പം ഇന്ന് എത്ര പേരുണ്ട്. സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിക്കായി സ്വന്തം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തണമെന്ന് മുന്നണിയില്‍ ചേരും മുമ്പ് പറഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നുവെന്നും ഒമര്‍ അബ്ദുളള പറഞ്ഞു.
ജമ്മു കശ്മീരില്‍ ഐ എന്‍ ഡി ഐ എ മുന്നണിയുമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അതൃപ്തി അറിയിക്കുന്നത് ആദ്യമല്ല. ഒമര്‍ അബ്ദുളളയുടെ പിതാവും പാര്‍ട്ടി നേതാവുമായ ഫറൂഖ് അബ്ദുളള ഈ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്നാണ് പറഞ്ഞത്. എന്നാല്‍ മുന്നണിയുമായി തര്‍ക്കമില്ലെന്ന് പറഞ്ഞ് ഒമര്‍ പ്രശ്നം അവസാനിപ്പിച്ചിരുന്നു. സീറ്റ് വിഭജനം അടുത്തതോടെയാണ് ഇപ്പോള്‍ വിള്ളല്‍ ശക്തമായത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഡാക്ക്, ഉധംപൂര്‍, ജമ്മു മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. ബാരമുള്ളയിലും ശ്രീനറിലും അനന്ത്നാഗിലും നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചു. പിഡിപി മത്സരിച്ചിരുന്നുവെങ്കിലും ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: