തൃശൂർ: ബിജെപി പ്രവേശനത്തെ നിശിതമായി വിമർശിച്ച കെ.മുരളീധരന് മറുപടിയുമായി പത്മജ വേണുഗോപാൽ. കെ.മുരളീധരനും കെ.കരുണാകരനും എൽഡിഎഫുമായി കൈകൊടുത്തപ്പോൾ താൻ എതിർത്തില്ല. പിന്നെയെന്തിനാണ് മുരളീധരന് ഇപ്പോൾ ഈ വെപ്രാളമെന്ന് പത്മജ ചോദിച്ചു. തന്നെ നാണംകെടുത്തിയിട്ടാണ് അവര്‍ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നല്‍കിയത്. വൈസ് പ്രസിഡന്റായിരുന്ന തന്നെ തരംതാഴ്‌ത്തി. അര്‍ഹമായ പരിഗണനയാണ് തന്നതെന്ന് പറയുമ്പോള്‍ ചിരിയാണ് വരുന്നതെന്നും അവർ പറഞ്ഞു.
താന്‍ കെ. മുരളീധരനെപ്പോലെ പല പാര്‍ട്ടിയില്‍ പോയി വന്ന ആളല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടത്. പത്തിരുപത് വർഷം മുരളീധരനിൽ നിന്ന് അടി കൊണ്ടപ്പോൾ ആരും തന്നെ പിന്തുണച്ചില്ല. അച്ഛൻ ഏറ്റവും എതിർത്തത് മാർക്സിസ്റ്റ് പാർട്ടിയെയാണ്. അച്ഛന്റെ മന്ദിരം പണിയുമെന്ന ആഗ്രഹത്തില്‍ എല്ലാം സഹിച്ചുനിന്നു. അതും നടക്കില്ലെന്ന് ഇപ്പോള്‍ മനസിലായി. മരിക്കുന്നതിന് മുമ്പും അച്ഛന് സങ്കടം, മരിച്ചതിന് ശേഷവും അദ്ദേഹത്തെ അപമാനിക്കുന്ന രീതി.
ബിജെപിയിൽ ചേരാൻ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തത്. കോൺഗ്രസ് വിടണം എന്ന് നേരത്തേ തീരുമാനിച്ചതാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
പത്മജയെ എടുത്തതുകൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്ന് മുരളീധരൻ വിമർശിച്ചിരുന്നു. ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. ‘കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോൾ പുതപ്പിച്ച ത്രിവർണ പതാക ഞങ്ങൾക്കുള്ളതാണ്’. കഷ്ടപ്പാട് അനുഭവിക്കാത്ത മക്കൾക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാം. വർക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കൾക്ക് ഇത്രയും സ്ഥാനം കൊടുത്താൽ പോരേയെന്ന് മുരളീധരൻ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: