ന്യൂദല്‍ഹി: കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാനടിക്കറ്റില്‍ 42,000 രൂപ ഇളവ് നല്‍കിയതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചതോടെ കേരളത്തിലെ മുസ്ലിങ്ങളുടെ കയ്യടി നേടുകയാണ് കേന്ദ്രമന്ത്രി. ഇപ്പോള്‍ ഹജ്ജ് തീർത്ഥാടകരെ യാത്രയില്‍ സഹായിക്കാന്‍ ഹജ്ജ് സുവിധ ആപ്പ് എന്ന പേരില്‍ പുതിയ ആപും കൂടി പുറത്തിറക്കിയതോടെ സ്മൃതി ഇറാനി കേരളത്തിന്റെ മുസ്ലിം സമുദായത്തിന്റെ ഡബിള്‍ കയ്യടി നേടിയിരിക്കുകയാണ്.
കോഴിക്കോട് വിമാനത്താവളം വഴി പോകുന്നവര്‍ക്ക് 42000 രൂപ ഇളവ്
കോഴിക്കോട് വിമാനത്താവളം വഴി പോകുന്നവര്‍ക്ക് ഹജ്ജ് യാത്രയ്ക്കുള്ള വിമാനടിക്കറ്റിന് 42000 രൂപ ഇളവ് നല്‍കിയതായി കേന്ദ്ര ന്യൂനപക്ഷക്ഷേമമന്ത്രി സ്മൃതി ഇറാനി സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം നേരത്തെ നിശ്ചയിച്ചിരുന്ന 1,65000 രൂപയ്ക്ക് പകരം 1,23000 രൂപ നല്കിയാല് മതിയാകും. ഹജ്ജ് ചുമതലയുള്ള കേരളത്തിന്റെ മന്ത്രി വി. അബ്ദുറഹ്മാന് അയച്ച കത്തിലാണ് സ്മൃതി ഇറാനി ടിക്കറ്റ് നിരക്ക് കുറച്ച കാര്യം അറിയിച്ചിരിക്കുന്നത്.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ ഹജ്ജ് സുവിധ ആപ്
തീർത്ഥാടനത്തിന് പോകുന്നവർക്ക് ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ, താമസസൗകര്യം, എമർജൻസി ഹെൽപ്പ് ലൈൻ, ആരോഗ്യം, പരിശീലന മൊഡ്യൂളുകൾ തുടങ്ങിയ സേവനങ്ങൾ സുവിധ ആപ് നല്കുന്നു. ബിസാഗ്-എൻ വികസിപ്പിച്ചെടുത്ത ഹജ്ജ് സുവിധ ആപ്പ് ഒരു ‘ഗെയിം ചേഞ്ചർ’ ആകുമെന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നത്.
ഡിജിറ്റൽ ഖുറാൻ, നിസ്കാര സമയം എന്നിവയടക്കം ആപ്പിലുണ്ടാകും. അടുത്തുള്ള റെസ്റ്റോറന്റ്, ഷോപ്പിംഗ് സെന്റർ, ആശുപത്രി-ഫാർമസി സൗകര്യങ്ങൾ എന്നിവയും ആപ്പിലൂടെ കണ്ടുപിടിക്കാം. കൂട്ടം തെറ്റിയാലും ആപ്പ് സഹായിക്കും. ലഗേജ് തെറ്റിയാൽ ക്യൂആർ കോഡ് ഉപയോഗിച്ച് കണ്ടെത്താനുള്ള സൗകര്യമുണ്ടാകും. ആദ്യമായി ഹജ്ജ് യാത്രയ്ക്ക് പോകുന്നവർക്ക് ക്ലേശങ്ങൾ കൂടാതെ യാത്ര ചെയ്യാനും ആപ്പ് സഹായിക്കുന്നതാണ്.
കഴിഞ്ഞ ദിവസമാണ് ‘ഹജ്ജ് സുവിധ’ എന്ന ആപ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പുറത്തിറക്കിയത്. ഗൂഗിള്‍ പ്ലേസ്റ്റോറിൽ ഈ ആപ് ലഭിക്കും. തീർത്ഥാടനത്തിന് 15 ദിവസംമുന്നോടിയായി ആപ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹജ്ജ് സുവിധ ആപ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഹജ്ജ് ഗൈഡ്-2024ഉം സ്മൃതി ഇറാനി പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: