ഉള്ളുലയ്ക്കുന്ന വാര്‍ത്തയാണ് പൂക്കോട് വെറ്റിറിനറി സര്‍വ്വകലാശാലയില്‍ നിന്നും ഉണ്ടായത്. അവിടെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ കൊലപാതകവാര്‍ത്ത ഫെബ്രുവരി 18ന് പുറത്തുവരുമ്പോള്‍ ഉത്രയും നിഷ്ഠൂരരാണോ അവിടെ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമെന്നാരും ചോദിച്ചുപോകും. സഹപാഠികളും കൂട്ടുകാരുമായവരുടെ മുന്നിലിട്ട് നഗ്നനാക്കി ക്രൂരമായ മര്‍ദ്ദനം. എസ്എഫ്ഐ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവരുടെ നികൃഷ്ഠമായ ചെയ്തികള്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പരുമലയില്‍ നിന്നും തുടങ്ങിയ ആ നിഷ്ഠൂരമായ അക്രമ പരമ്പര നിര്‍ബാധം തുടരുന്നു.
1996 സപ്തംബറിലാണ് പരുമല സംഭവം. ആ സംഭവത്തെക്കുറിച്ച് 96 സപ്തംബര്‍ 19ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ.
”മനസ്സാക്ഷിയെ നടുക്കിയ ക്രൂരമായ അക്രമസംഭവങ്ങളാണ് പരുമല ദേവസ്വംബോര്‍ഡ് കോളജില്‍ നടന്ന ത്. വടിവാളും മാരകായുധങ്ങളുമായി പാഞ്ഞടുത്ത അക്രമികളെ കണ്ട് വിദ്യാര്‍ഥികള്‍ ഭയന്നോടി. പരുമല കോളജിന്റെ പടിഞ്ഞാറുഭാഗത്ത് പുഴയാണ്. പുറത്തേക്കുള്ള ഏകവാതിലിലൂടെ രക്ഷപ്പെടാന്‍ കഴിയാഞ്ഞതിനാലാണ് മൈതാനത്തിന് തെക്കുപടിഞ്ഞാറ് വശത്തുള്ള പുഴലക്ഷ്യമാക്കി വിദ്യാര്‍ഥികള്‍ ഓടിയത്. എന്നാല്‍ അക്രമികള്‍ ഇത് അവസരമാക്കി പിന്നാലെ പാഞ്ഞു. കരിങ്കല്ലുകൊണ്ട് വിദ്യാര്‍ഥികളെ എറിഞ്ഞുവീഴ്ത്താനായിരുന്നു ആദ്യശ്രമം. ഏറുകൊണ്ട് തലപൊട്ടി ചോരയൊലിക്കുമ്പോഴും പ്രാണരക്ഷാര്‍ഥം 9 പേര് ഒരാള്‍പൊക്കത്തിലുള്ള കല്‍ക്കെട്ട് മറികടന്ന് നദിയിലേക്ക് എടുത്തുചാടി.
ഷൂവും പാന്റും ധരിച്ച വിദ്യാര്‍ഥികള്‍ക്ക് എക്കല്‍ ചെളിനിറഞ്ഞ ചതുപ്പുമറികടന്ന് പെട്ടെന്ന് രക്ഷപ്പെടാനായില്ല. ഇതിനിടെ ഓടിയടുത്ത അക്രമിസംഘം ഒരാളെ തലയ്ക്കടിച്ചുവീഴ്ത്തി വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയതായി പറയുന്നു. നദിയിലൂടെ നീന്തിക്കടക്കവേ മധ്യഭാഗത്തുവെച്ച് കൈകാല്‍ കുഴഞ്ഞ് താണ രണ്ടുപേര്‍ ആത്മരാക്ഷാര്‍ഥം കൈകള്‍ ഉയര്‍ത്തി. സഹായമഭ്യര്‍ത്ഥിച്ചു. കല്ലേറില്‍ തലപൊട്ടിയ ഒരു വിദ്യാര്‍ഥി ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ നദിക്കരനിന്ന് ഉരുളന്‍ കല്ലുകള്‍ വലിച്ചെറിഞ്ഞ അക്രമികള്‍ വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുംവരെ കരയില്‍ കാത്തുനിന്നു.
നദിയുടെ മറുകരയില്‍ വസ്ത്രം അലക്കിക്കൊണ്ടിരുന്ന സ്ത്രീകള്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷപ്പെടാനായി സാരി നീട്ടിവലിച്ച് എറിഞ്ഞുകൊടുത്തെങ്കിലും അവര്‍ക്കു നേരെയും കല്ലേറും അസഭ്യവര്‍ഷവും നടന്നു. ആറു പേര് ഇതിനിടെ മറുകര എത്തിരക്ഷപ്പെട്ടിരുന്നു.”
കുടുംബങ്ങള്‍ക്ക് അത്താണിയാകേണ്ട നാടിന്റെ നവോത്ഥാനത്തിന് അടിത്തറയാകേണ്ടിയിരുന്നവരെ രാഷ്ട്രീയാന്ധത ബാധിച്ചവര്‍ വധശിക്ഷ വിധിച്ച് നടപ്പാക്കി. മരിച്ചവര്‍ മൂന്നും നിരപരാധികളും നിര്‍ദോഷികളുമായിരുന്നു. സ്വന്തമായ അഭിപ്രായവും വ്യക്തിത്വവും പ്രകടിപ്പിച്ചു. വിശ്വാസപ്രമാണത്തിനനുസരിച്ച് ജീവിക്കാന്‍ ശ്രദ്ധിച്ചു. ഇതുമൂലം സഹപാഠികളുടെയും നാട്ടുകാരുടെയും സ്നേഹവാത്സല്യങ്ങള്‍ നേടാനായി. ഇതുമാത്രമാണ് പ്രതിയോഗികളെ പ്രകോപിപ്പിച്ചത്.
കത്തിയും കുറുവടിയും ഇടിക്കട്ടയുമായി ആക്രമിക്കാന്‍ വന്നവരെ ഭയന്ന് ജീവനും കൊണ്ടോടി രക്ഷപ്പെടാനാണ് പരുമലയിലെ മൂന്നുപേരും പമ്പയാറില്‍ ചാടി മറുകരപറ്റാന്‍ ശ്രമിച്ചത്. പക്ഷെ പിന്നാലെ കൊലക്കത്തിയുമായി പാഞ്ഞടുത്തവര്‍ പമ്പയിലെ ചെളിയില്‍ മുക്കിയും കല്ലെറിഞ്ഞും കൊല്ലുകയായിരുന്നു. രക്ഷപ്പെടാന്‍ സഹായിക്കാനൊരുമ്പെട്ട സ്ത്രീകളെ ചീത്തപറഞ്ഞും കല്ലെറിഞ്ഞും തുരത്തി. ഭരണത്തിന്റെ തണലില്‍ നരാധമത്വം പനപോലെ വളര്‍ന്നതാണിത് കാണിക്കുന്നത്. നൂറുശതമാനം സാക്ഷരത, സാംസ്കാരിക കേരളം, ഭാരതത്തിന് മാതൃകയായ സാംസ്കാരിക കേരളം. ജീര്‍ണ്ണതയുടെ പുതിയ നീരാളി കലാലയ സംസ്കാരത്തില്‍ ചോരപ്പാടുകള്‍ പതിപ്പിച്ചു. എത്രപേര്‍ പ്രതികരിച്ചു. തൊട്ടതിനൊക്കെ പ്രസ്താവന ഇറക്കി മാര്‍ക്സിസ്റ്റ് യജമാനന്മാര്ക്ക് ഓശാന പാടി അക്കാദമി പദവികള്‍ക്ക് ഇഴഞ്ഞു നീങ്ങുന്ന സാംസ്കാരിക നായകര്‍ മിണ്ടിയില്ല. ഇന്നത്തെ പോലെതന്നെ ഇപ്പോഴും ചാനല്‍ ചര്‍ച്ചകളിലും മറ്റും ന്യായീകരിക്കാന്‍ ഒരു ഉളുപ്പുമില്ലാതെ നേതാക്കള്‍ ഇരിക്കുന്നു.
ഒരു പ്രത്യേക വിശ്വാസം മാത്രം കലാലയങ്ങളില്‍ പുലര്‍ന്നാല്‍ മതിയെന്ന ‘ഫാസിസ’ സ്വഭാവം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ആയിരുന്നു പരുമല സംഭവം. സംസ്ഥാനത്ത് ഉടനീളം ഇതിനെതിരെ ഉയര്‍ന്ന പ്രതികരണം, ജനരോഷം അഭൂതപൂര്‍വ്വമായിരുന്നു. സംസ്ഥാനം പൂര്‍ണ്ണമായും നിശ്ചലമായി. നിയമസഭയില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേരളം മുഴുവന്‍ ഒരുപോലെ ബന്ദില്‍ പങ്കെടുത്തു. മൂന്നു കുടുംബങ്ങളുടെ ദുഃഖം പങ്കിട്ടു. നീറുന്ന മനസ്സോടെ കേരളം മുഴുവന്‍, രാഷ്ട്രീയ തിമിരം ബാധിക്കാത്തവര്‍ മുഴുവന്‍ ഇതില്‍ പങ്കുചേര്‍ന്നു.
പക്ഷേ കേരളത്തെ നടുക്കിയ ഈ ദുരന്തത്തില്‍ പോലും രാഷ്ട്രീയം കണ്ട ചിലരെങ്കിലും ഉണ്ടായിരുന്നു. ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, ക്രമസമാധാനത്തിന്റെയും സമാധാനപരമായ പൗരജീവിതം ഉറപ്പുവരുത്തുന്നതിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി. ഇ.കെ. നായനാര്‍. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്, ടി.എം. ജേക്കബ് സംസാരിക്കവെ നായനാര്‍ ചോദിച്ചു: ‘മരിച്ചത് എബിവിപിക്കാരനല്ലേ, നിങ്ങള്‍ക്ക് എന്താ?’ ‘മരണത്തില്‍ രാഷ്ട്രീയം നോക്കണോ. നിങ്ങളുടെ മകനാണ് ഇതുപറ്റിയതെങ്കില്‍ ഇത് പറയുമായിരുന്നോ?’ ജേക്കബ് തിരിച്ചു ചോദിച്ചു.
അച്യുതാനന്ദനും ഇ.കെ.നായനാരും തമ്മില്‍ തിരഞ്ഞെടുപ്പിനുശേഷമുള്ള ഐക്യം ഇക്കാര്യത്തിലും പ്രസക്തമാണ്. നായനാരുടേതില്‍ നിന്ന് വ്യത്യസ്ത സമി പനം എന്നും കൈക്കൊണ്ടിരുന്ന അച്യുതാനന്ദന് നായനാരുടെ സ്വരത്തില്‍ തന്നെയാണ് സംസാരിച്ചത്. ‘വിദ്യാര്‍ത്ഥികളുടെ പാന്റിന്റെ നീളം കൂടിയ പോക്കറ്റില്‍ വെള്ളം കയറിയതാണ് മുങ്ങി മരിക്കാന്‍ കാരണം.’ എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ മൗനമാണ് പ്രധാനം. ഒരക്ഷരം മിണ്ടുന്നില്ല. വയനാട്ടിലും ഏറണാകുളത്തും ആനയാണ് കാലനായതെങ്കില്‍ പരുമലയിലും പൂക്കോട്ടും ആനയെക്കാള്‍ മൃഗീയതയാണ് പ്രകടമായത്. രണ്ടിടത്തും എസ്എഫ്ഐ ആണ് കാലന്മാരായത്. നാല്ക്കാലികള്ക്ക് വിശേഷ ബുദ്ധിയില്ല. എന്നാല്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും മുദ്രാവാക്യമാക്കിയ എസ്എഫ്ഐക്കോ? പൂക്കോട്ട് സിദ്ധാര്‍ത്ഥിന്റെ മരണം നഗ്നമായ കൊലപാതകമാണ്. ആ നിലയിലാണ് കേസെടുക്കേണ്ടത്. പിണറായിയുടെ പോലീസ് അന്വേഷിച്ചുണ്ടാക്കുന്ന കുറ്റപത്രത്തിന് കൊലക്കുറ്റം കാണാന്‍ ഒരു നിവാഹവുമില്ല. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ചാലേ പറ്റു.
ഒരു വര്‍ഷത്തിനിടയില്‍ വയനാട്ടിലും ഇടുക്കിയിലും എറണാകുളത്തുമായി ഏഴുപേരെയാണ് വന്യജീവികള്‍ കൊന്നത്. ഒരക്ഷരം മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. പൂക്കോട് സംഭവത്തിലും പിണറായിക്ക് വാചാലമായ മൗനമാണ്. ആനകളും ഞങ്ങളുടെ പിള്ളേരും തല്ലും കൊല്ലും. നിങ്ങളാരാണിതൊക്കെ ചോദിക്കാന്‍ എന്ന ഭാവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: