ദുബായ് : ചരിത്രകാരൻമാർക്കും സഞ്ചാരികൾക്കും ഒരേ പോലെ കൗതുകവും ഒപ്പം ജിജ്ഞാസയും ഉളവാക്കുന്ന വാർത്തയാണ് ഒമാനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഒമാനിലെ സൗത്ത് ബതീന ഗവർണറേറ്റിൽ നിന്ന് ഇരുമ്പുയുഗത്തോളം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഒമാന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് സൗത്ത് ബതീന ഗവർണറേറ്റ് കൂടുതൽ പ്രസക്തി നൽകുന്നതാണ് ഈ കണ്ടെത്തലുകൾ.
സൗത്ത് ബതീന ഗവർണറേറ്റിലെ റുസ്താഖ് വിലയത്തിൽ സ്ഥിതി ചെയ്യുന്ന മനാഖി ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളിലാണ് ഇരുമ്പുയുഗത്തോളം പഴക്കമുള്ള ശവസംസ്ക്കാരത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളുടെ അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. അക്കാലത്ത് കുട്ടികളെ മറവ് ചെയ്യുന്നതിനായാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്.
ഏതാണ്ട് മൂവായിരം വർഷത്തിലധികം പഴക്കമുള്ളതാണ് ഈ അവശേഷിപ്പുകൾ. ഒമാനിൽ നിലനിന്നിരുന്ന പ്രാചീന ശവസംസ്ക്കാര രീതികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടികളെ അടക്കം ചെയ്യുന്നതിന് മാത്രമായി ഉപയോഗിച്ചിരുന്ന ഇത്തരം ഒരു കെട്ടിടത്തിന്റെ അവശേഷിപ്പ് മേഖലയിൽ നിന്ന് ആദ്യമായാണ് കണ്ടെത്തുന്നത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ആർക്കിയോളജി വകുപ്പ്, പാരിസിലെ സോർബോൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ തുടങ്ങിയവർ സംയുക്തമായാണ് ഈ ഉദ്ഘനന പ്രവർത്തനങ്ങൾ നടത്തിയത്.
മേഖലയിലെ തന്നെ ഏറ്റവും വലിയ ഇരുമ്പുയുഗ ജനവാസ പ്രദേശമാണ് മനാഖി ആർക്കിയോളജിക്കൽ സൈറ്റ്. ഇവിടെ നിന്ന് പാർപ്പിട ആവശ്യത്തിനായുള്ള കെട്ടിടങ്ങൾ, ശ്മാശാനങ്ങൾ, പ്രതിരോധത്തിനായി നിർമ്മിച്ചിട്ടുള്ള ഗോപുരങ്ങൾ തുടങ്ങിയവയുടെ നിരവധി അവശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ സൗത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ മാവിലിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. സാപിഎൻസ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇറ്റാലിയൻ മിഷനും, ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസവും ചേർന്ന് മേഖലയിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. 4500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ ഈ ഉൽഖനനപ്രവർത്തനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
അതിപുരാതന കാലഘട്ടം മുതൽ വിവിധ ചരിത്ര കാലഘട്ടങ്ങളിൽ മേഖലയിൽ തുടർച്ചയായുള്ള ജനവാസകേന്ദ്രങ്ങൾ നിലനിന്നിരുന്നതിന്റെ സാധ്യതയിലേക്കാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നതെന്ന് സൗത്ത് അൽ ബതീന ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ഡോ. അൽ മുതാസിം ബിൻ നാസർ അൽ ഹിലാലി അഭിപ്രായപ്പെട്ടിരുന്നു.
ഇരുമ്പുയുഗത്തിൽ നിന്നുള്ള മൺപാത്രങ്ങൾ, വെൺമുത്തുകൾ, കല്ല് കൊണ്ട് ഉണ്ടാക്കിയ മുത്തുകൾ മുതലായവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: