ന്യൂദല്‍ഹി: ഇന്ത്യയുടെ നടപ്പുസാമ്പത്തിക വര്‍ഷത്തെ (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിനടുത്തെത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം. നേരത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യയുടെ(എന്‍എസ് ഒ) നടപ്പുസാമ്പത്തിക വര്‍ഷത്തെ മൂന്നാം സാമ്പത്തിക പാദത്തിലെ (2023 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) വളര്‍ച്ച 8.4 ശതമാനവും അതിന് മുന്‍പുള്ള രണ്ട് സാമ്പത്തിക പാദങ്ങളിലെ വളര്‍ച്ച എട്ട് ശതമാനം എന്നും കണക്കാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം ഉറപ്പിച്ചുപറയുന്നത്. ആളോഹരി ജിഡിപി ആദ്യമായി രണ്ട് ലക്ഷം കടന്നതായും എസ് ബിഐ റിസര്‍ച്ച് പറയുന്നു. എന്‍എസ് ഒ നടപ്പുസാമ്പത്തിക വര്‍ഷമായ 2023-24ല്‍ 7.5 ശതമാനം വളര്‍ച്ചയേ കണക്കാക്കുന്നുള്ളൂ. എന്നാല്‍ എസ് ബിഐ അതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ചയായ 8 ശതമാനമാണ് കണക്കാക്കുന്നത്.
ഇതിന് എസ് ബിഐ റിസര്‍ച്ചിന് വ്യക്തമായ കണക്കുകൂട്ടലുണ്ട്. ഇനി നടപ്പുസാമ്പത്തിക വര്‍ഷം നാലാം സാമ്പത്തിക പാദം (2024 ജനവരി മുതല്‍ മാര്‍ച്ച് വരെ) മാത്രമേ ബാക്കിയുള്ളൂ. ഇക്കാലയളവില്‍ 5.9 ശതമാനം വളര്‍ച്ച നേടിയാല്‍ പോലും 7.5 ശതമാനം വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം കൈവരിക്കാനാകും. എന്തായാലും നാലാം സാമ്പത്തിക പാദത്തിലെ (2024 ജനവരി മുതല്‍ മാര്‍ച്ച് വരെ) വളര്‍ച്ച തീര്‍ച്ചയായും 5.9 ശതമാനത്തേക്കാള്‍ മുകളിലായിരിക്കും. അതുകൊണ്ട് തന്നെയാണ് നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ എട്ട് ശതമാനമോ അതിന് മുകളിലോ വളര്‍ച്ച കൈവരിക്കുമെന്ന് കണക്കുകൂട്ടുന്നതെന്ന് ഇകോ റാപ് ബുള്ളറ്റിനില്‍ എസ് ബിഐ ഗ്രൂപ്പ് മുഖ്യസാമ്പത്തികോപദേഷ്ടാവ് സൗമ്യ കാന്തിഘോഷ് പറയുന്നു. എസ് ബിഐ റിസര്‍ച്ച് ഗ്രൂപ്പിന്റെ സാമ്പത്തിക റിപ്പോര്‍ട്ടിനെയാണ് ഇകോ റാപ് ബുള്ളറ്റിന് എന്ന് വിളിക്കുന്നത്.
രാജ്യത്തെ ആളോഹരി ജിഡിപിയില്‍ കുതിപ്പ്; രണ്ട് ലക്ഷം രൂപ കടന്നു
രാജ്യത്തെ ആളോഹരി ജിഡിപിയില്‍ 38,257 രൂപയുടെ കുതിപ്പുണ്ടായത് വലിയ കുതിപ്പാണെന്ന് ഇകോറാപ് ബുള്ളറ്റിന് ചൂണ്ടിക്കാട്ടുന്നു. 2011-12 വര്‍ഷത്തില്‍ രാജ്യത്തെ ആളോഹരി ജിഡിപി 72,000 രൂപ മാത്രമായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ രണ്ട് വര്‍ഷങ്ങളില്‍ ആളോഹരി ജിഡിപിയില്‍ 38,257 രൂപയുടെ കുതിപ്പാണുണ്ടായത്. ഇത് 2014-15 സാമ്പത്തിക വര്‍ഷത്തെ ആളോഹരി വരുമാനം 72,805 രൂപയില്‍ നിന്നും 2022-23ല്‍ 98374 രൂപയാക്കി ഉയര്‍ത്തി. 2023-24ല്‍ ഇത് രണ്ട് ലക്ഷം രൂപ കടന്നതായി എസ് ബിഐ റിസര്‍ച്ച് കണക്കാക്കുന്നു. ഇത് 2.14 ലക്ഷമാകുമെന്നാണ് കരുതുന്നത്.
മൊത്തം ആഭ്യന്തര ഉല്പാദനത്തെ ആകെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ (ഭാഗിക്കുമ്പോള്‍) കിട്ടുന്ന തുകയാണ് ആളോഹരി ജിഡിപി. ഒരു രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക പുരോഗതിയും അഭിവൃദ്ധിയും കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചികയാണ് ആളോഹരി ജിഡിപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: