ന്യൂദല്‍ഹി: രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്വസ്വലനായ പ്രധാനമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹത്തായ അനുഭവവും അഭിമാനവുമെന്ന് മുന്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്ദ്ധന്. വീണ്ടും അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്താന്‍ രാജ്യം ആഗ്രഹിക്കുന്നു, കാത്തിരിക്കുന്നു.
തെരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും ജനസേവനത്തില്‍ അധിഷ്ഠിതമായ പൊതു പ്രവര്‍ത്തനം തുടരുമെന്നും എക്സ് പ്ലാറ്റ്ഫോമിലെ ദീര്‍ഘമായ കുറിപ്പില്‍ ഡോ. ഹര്‍ഷ് വര്ദ്ധന് പറയുന്നു. 2014ലും 2019ലും ദല്ഹിയിവെ ചാന്ദ്നി ചൗക് മണ്ഡലത്തില്‍ നിന്നാണ് ഹര്‍ഷ് വര്ധന് ലോക്സഭയിലേക്ക് വിജയിച്ചത്. ഇത്തവണ പ്രവീണ്‍ ഖാണ്ഡെല്വാളിനെയാണ് ചാന്ദ്നി ചൗക്കില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
മുപ്പതു വര്‍ഷത്തെ വിജയകരമായ തെരഞ്ഞെടുപ്പു രാഷ്ട്രീയം ഞാന്‍ അവസാനിപ്പിക്കുന്നു, അഞ്ചു തവണ നിയമസഭയിലേക്ക് ജയിച്ചു. രണ്ടു തവണ പാര്‍ലമെന്റിലേക്കും. കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗമായി. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്പതു വര്‍ഷം മുമ്പ് കാണ്‍പൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു ചേര്‍ന്നത്. ഹൃദയത്തില്‍ ഇപ്പോഴും സ്വയംസേവക് ആണ്, ദീന് ദയാല്‍ ഉപാധ്യായയുടെ ആരാധകനാണ് ഇന്നും. ദാരിദ്യത്തിനും പട്ടിണിക്കും അവഗണനയ്ക്കും എതിരെ പോരാടാന്‍ രാഷ്ട്രീയപ്രവര്‍ത്തനം ആവശ്യമാണ് പറഞ്ഞത് അന്നത്തെ ആര്‍എസ്എസ് നേതൃത്വമാണ്.
ദല്‍ഹിയിലും കേന്ദ്രത്തിലും ആരോഗ്യമന്ത്രിയായിരിക്കെ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. കൊവിഡ് വ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ചെറുത്തു നില്‍പ്പിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. ഏറ്റവും അപകടകരമായ ഘട്ടത്തില്‍ സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നു എന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. പുകയിലക്കെതിരെ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും, അദ്ദേഹം പറഞ്ഞു. കൃഷ്ണ നഗറിലെ എന്റെ ഇഎന്‍ടി ക്ലിനിക്കും എന്നെ കാത്തിരിക്കുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: