ബെംഗളൂരു: വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്ഫോടനമെന്ന് കഫേ ഉടമ ശ്രീ നാഗരാജ് പറഞ്ഞതായി വെളിപ്പെടുത്തല്‍. ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യയാണ് ഇത് സംബന്ധിച്ച വിവരം സമൂഹമാധ്യമമായ എക്സിലെ പോസ്റ്റില്‍ പങ്കുവെച്ചത്. പൊട്ടിത്തെറിയുണ്ടായത് ഗ്യാസ് സിലിണ്ടറില്‍ നിന്നാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം തേജസ്വി സൂര്യ നിഷേധിച്ചു.
തേജസ്വി സൂര്യയുടെ എക്സിലെ പോസ്റ്റ് :
Just spoke to Rameshwaram Café founder Sri Nagaraj about the blast in his restaurant.
He informed me that the blast occurred because of a bag that was left by a customer and not any cylinder explosion. One of their employees is injured.
It’s seems to be a clear case of bomb…
— Tejasvi Surya (@Tejasvi_Surya) March 1, 2024
പൊട്ടിത്തെറിയുണ്ടായത് ഗ്യാസ് സിലിണ്ടറില്‍ നിന്നല്ലെന്നും ഏതോ ഒരു കസ്റ്റമര്‍ കൊണ്ടുവെച്ച ബാഗാണ് പൊട്ടിത്തെറിച്ചതെന്നും കഫേ ഉടമ നാഗരാജ് തന്നോട് വെളിപ്പെടുത്തിയെന്നും തേജസ്വി സൂര്യ പറഞ്ഞു. “ബോംബ് സ്ഫോടനത്തിന്റെ തികഞ്ഞ ഉദാഹരണമാണ് ഈ സ്ഫോടനം. ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം.”- തേജസ്വി സൂര്യ ആവശ്യപ്പെട്ടു.
സ്ഫോടനത്തില്‍ ആകെ നാല് പേര്‍ക്ക് പരിക്കേറ്റു. വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് സംഭവമുണ്ടായത്. അതേ സമയം സ്ഫോടനം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.
സ്ഫോടനത്തില്‍ മൂന്ന് ജീവനക്കാര്‍ക്കും ഒരു ഉപഭോക്താവിനുമാണ് പരിക്കേറ്റത്. പൊലീസ്, അഗ്നിശമന സേന, ബോംബ് സ്ക്വാഡ്, ഫോറന്‍സിക് ടീമുകള്‍ എന്നിവ സ്ഥലത്തെത്തി. പൊലീസ് പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണ്.
ലൊക്കേഷനില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് പരിശോധിക്കുന്നു.നഗരത്തിലുടനീളം നിരവധി ശാഖകളുള്ള പ്രശസ്തമായ സ്ഥാപമാണ് രാമേശ്വരം കഫേ.
രാഘവേന്ദ്ര റാവുവും ദിവ്യ രാഘവേന്ദ്ര റാവുവും ചേര്‍ന്ന് 2021-ല്‍ സ്ഥാപിച്ച ഈ കഫേ ധാരാളം ഭക്ഷണ പ്രിയരെ ആകര്‍ഷിക്കുന്ന സ്ഥാപനമാണ്. ദോശ, വട, ഫില്‍ട്ടര്‍ കോഫി, മറ്റ് ദക്ഷിണേന്ത്യന്‍ പലഹാരങ്ങള്‍ എന്നിവയ്ക്ക് പേരു കേട്ട ഇടമാണ്. എല്ലാ ദിവസവും രാവിലെ 6:30 മുതല്‍ വെളുപ്പിന് ഒരുമണി വരെയാണ് പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: