കോട്ടയം: അവധൂതന്മാരെക്കുറിച്ചുള്ള മഹാവധൂതം എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കായി ദേശാന്തരങ്ങളിലൂടെ യാത്ര ചെയ്ത് വിവര ശേഖരണം നടത്തുന്ന മൂവര്‍ സംഘത്തിന് നേതൃത്വം നല്കിയ ജയകുമാര്‍ ദിനമണി (54) അന്തരിച്ചു. തായ്ലന്ഡില് വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് പ്രചുവപ് ഖിരി ഖാന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചേര്‍ത്തല വയലാര്‍ പത്മവിലാസത്തില്‍ പരേതനായ ജയമണിയുടേയും സുധിനമ്മയുടേയും മകനാണ്. സഹോദരി ജയ സജി.
മഹാവധൂതം പുസ്തക രചനയ്ക്കായി അവധൂതന്മാരുടെ നാടുകളിലെത്തി നേരിട്ട് ദേശവും പുരാവൃത്തവും അറിയുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 16നാണ് സംഘം പെരുമ്പാവൂര്‍ ശ്രീസ്വാമി വൈദ്യഗുരുകുലത്തില്നിന്ന് യാത്ര തിരിച്ചത്. ഗുരുകുലം നല്കിയ എസ്യുവിയില് 12 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 14 രാജ്യങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു മടക്ക യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. തായ്ലന്ഡ്, സിംഗപ്പൂര്‍, വിയറ്റ്നാം, കമ്പോഡിയ, ഇന്തോനേഷ്യയിലെ ബാലി, ഭൂട്ടാന്, ബംഗ്ലാദേശ്, നേപ്പാള്‍, മലേഷ്യ, ടിബറ്റ്, ലാവോസ്, ചൈന, മ്യാന്മര് എന്നീ രാജ്യങ്ങളിലൂടെ കാറിലായിരുന്നു യാത്ര. ഗ്രന്ഥ രചയിതാവ് ലക്ഷ്മി ധൂത, ലക്ഷ്മിയുടെ അമ്മ ഡോ. അജിത എന്നിവരാണ് ഒപ്പമുള്ളത്.
ഫെബ്രുവരി 26ന് മടങ്ങിയെത്താനിരിക്കെയായിരുന്നു ജയകുമാറിന്റെ ആകസ്മിക വിയോഗം. തിരുവാണിയൂര്‍ ചെമ്മനാട് ‘ഗ്രീന്‍ഹൗസില്‍’ ഇന്ന് വൈകിട്ട് പൊതുദര്‍ശനത്തിന് വയ്ക്കും. പെരുമ്പാവൂര്‍ മുടക്കുഴയിലുള്ള ശ്രീസ്വാമി വൈദ്യഗുരുകുലത്തിന്റെ കാമ്പസില്‍ നാളെ സമാധിയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: