കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലി അക്രമങ്ങളിലെയും സ്ത്രീപീഡനങ്ങളിലെയും മുഖ്യ പ്രതിയായ ജില്ലാ പരിഷത്ത് പ്രധാന്‍ ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ബുധനാഴ്ച അർദ്ധരാത്രിയോടെ ബംഗാൾ പോലിസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്.
ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചു. ഷാജഹാന്‍ ഷെയ്ഖുമായി സംസ്ഥാന പോലീസ് ഒത്തുകളിക്കുന്നെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ്.വി. രാജു പറഞ്ഞതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
50 ദിവസമായി ഷാജഹാന്‍ ഷെയ്ഖ് ഒളിവിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേസില്‍ വെള്ളം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും എഎസ്ജി രാജു ചൂണ്ടിക്കാട്ടി. കേസ് സിബിഐക്ക് കൈമാറുകയാണെങ്കില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഒളിവില്‍ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്കോ ഇ ഡിക്കോ തുറന്ന അനുമതിയുണ്ട്. സമാനമായി, ഇതേ പ്രതിക്കെതിരെ മറ്റ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അവിടെയും അദ്ദേഹം ഒളിവിലാണെന്ന് കാണിക്കുന്നു. പൊതു ഓഫീസിലേ ചുമതലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് നിയമത്തെ ധിക്കരിക്കാന്‍ കഴിയില്ല. ബന്ധപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ ഏത് ഏജന്‍സിക്കും അനുമതിയുണ്ട്. ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു.
ബലാത്സംഗകേസുകള്‍ ഉള്‍പ്പടെ 43 കേസുകളാണ് ഷാജഹാന്‍ ഷെയ്ഖിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നില്‍ പോലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നും ഇ ഡി ചൂണ്ടിക്കാട്ടി. ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകളെ തോക്ക്ചൂണ്ടി ബലാത്സംഗം ചെയ്തതും വനവാസികളുടെ ഭൂമി തട്ടിയെടുത്തതും ഉള്‍പ്പെടെയുള്ള അതിക്രമങ്ങളില്‍ സിംഗിള്‍ ബെഞ്ച് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണിച്ചിരുന്നു.
ഷാജഹാന്‍ ഷെയ്ഖിന്റെ അറസ്റ്റിന് സ്റ്റേ ഇല്ലെന്നും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്യണമെന്നും ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. റേഷന്‍ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ടാണ് ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയത്. എന്നാല്‍ സ്ഥലത്ത് നിന്ന് മുങ്ങിയ ഇയാള്‍ അനുയായികളെക്കൊണ്ട് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. നിരവധി ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: