തൃശ്ശൂര്‍: മുഖ്യമന്ത്രിക്ക് സമനിലതെറ്റിയിരിക്കുകയാണെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന്. തനിക്കും മകള്‍ക്കും എതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണം കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നും തൃശ്ശൂരില്‍ എന്‍ഡിഎ പദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഭരണാധികാരിയാണെന്നത് മറന്ന് വെറും പിതാവായി പിണറായി വിജയന് മാറിയിരിക്കുകയാണ്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സംവിധാനങ്ങള്‍ സ്വന്തം ആവശ്യത്തിന് വേണ്ടി അദ്ദേഹം ഉപയോഗിക്കുകയാണ്. താനും മകളും അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്. പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എ. വിജയരാഘവന് കോഴിക്കോട് ദയനീയമായി പരാജയപ്പെട്ടയാളാണ്. അദ്ദേഹം പാലക്കാട്ട് മത്സരിച്ചതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? കഴിഞ്ഞതവണ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയവരെയാണ് ഇപ്പോള്‍ ഭയങ്കരമാന ആളുകളായി ചിത്രീകരിക്കുന്നത്. പാര്‍ട്ടിയില്‍ മൂലയ്ക്കാക്കിയ ആളുകളെ മത്സരിപ്പിക്കുന്നത് പിണറായി വിജയന് രക്ഷപ്പെടാന്‍ മാത്രമാണ്. കോഴിക്കോട്ടെ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി എളമരം കരീം നിരവധി അഴിമതി ആരോപണം നേരിട്ടയാളാണ്. കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളുമായും അദ്ദേഹത്തിനുള്ള ബന്ധം പരസ്യമാണ്. തോമസ് ഐസക്ക് മന്ത്രിയെന്ന നിലയില്‍ പരാജയപ്പെട്ടയാളാണ്. അങ്ങനെയൊരാള്‍ പത്തനംതിട്ടയില്‍ എന്ത് ചെയ്യാനാണ്? ജി. സുധാകരനെ കൂടി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ കോറം തികയുമായിരുന്നുവെന്നും സുരേന്ദ്രന് പരിഹസിച്ചു.
ഇടതുപക്ഷത്തിന്റെ ഐശ്വര്യം നിര്‍ഗുണമായ പ്രതിപക്ഷമാണ്. വി.ഡി. സതീശനാണ് മാസപ്പടി കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫിനെ നേരിടാന്‍ യുഡിഎഫിന് കെല്‍പ്പില്ല. പിണറായി വിജയന്റെ ധിക്കാരവും ധാര്‍ഷ്ട്യവും നേരിടാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. മുസ്ലിംലീഗ് മറുകണ്ടം ചാടാന്‍ തയാറായിരിക്കുകയാണ്. മുന്നണി മാറ്റത്തിന് ലോക്സഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയാണ് ലീഗ്. വര്‍ഗീയ ശക്തികളെയും സാമ്പത്തിക ക്രമക്കേട് കാണിക്കുന്ന മുതലാളിമാരെയും ഏകോപിപ്പിക്കുകയാണ് പിണറായി വിജയന് ചെയ്യുന്നത്. അതിനെ എതിര്‍ക്കാന്‍ പോലും യുഡിഎഫ് തയാറല്ല. രാഹുല്‍ പ്രധാനമന്ത്രിയാവുമെന്ന പ്രചരണം ഇനി ഏശില്ല. എംപി ഇല്ലാതിരുന്നിട്ടും തൃശ്ശൂരിന്റെ വികസനത്തിന് വേണ്ടി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈ വികസന തുടര്‍ച്ചയ്ക്ക് വേണ്ടിയും കൂടുതല്‍ വികസനം നടത്താനുമാണ് എന്‍ഡിഎ ജനങ്ങളെ സമീപിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ്കുമാര്‍, മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: