ലണ്ടന്‍: പ്രീമിയര്‍ ലീഗ് ജയപ്പട്ടികയില് മുന്നിലുള്ള ലിവര്‍പൂളിനെ വിടാന്‍ ഭാവമില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സണലും. കഴിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ സിറ്റി ബോണ്‍മൗത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ആഴ്സണല്‍ ന്യൂകാസില്‍ യുണൈറ്റഡിനെ 4-1ന് തകര്‍ത്തു. 26 റൗണ്ട് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 60 പോയിന്റുമായി മുന്നിലുള്ള ലിവര്‍പൂളിന് മറികടക്കാനുള്ള ഒരുക്കത്തിലാണ് സിറ്റിയും ആഴ്സണലും. ഇരുടീമുകളും യഥാക്രമം 59, 58 പോയിന്റുമായാണ് തൊട്ടുപിറകെയുള്ളത്.
നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം പലകുറി കണ്ട മത്സരത്തില്‍ ഫില്‍ ഫോഡന് നേടിയ ഗോളിലാണ് സിറ്റി ബോണ്‍മൗത്തിനെതിരെ ജയിച്ചത്. കളിയുടെ 24-ാം മിനിറ്റില്‍ ബോക്സിനകത്ത് ഇടത് വശത്ത് ലഭിച്ച പന്തിനെ വോളിയിലൂടെ ഗോളാക്കാനുള്ള ഹാളണ്ടിന്റെ ശ്രമത്തെ ബോണ്‍മൗത്ത് ഗോളി നോര്ബെറ്റോ നെറ്റോ തട്ടിയകറ്റി.
ഓടിയെത്തിയ ഫോഡന് പെടച്ച ഷോട്ടില്‍ പന്ത് വലയില്‍ കയറി. ഇതിന് മുമ്പും ശേഷവും രണ്ടാം പകുതിയിലടക്കം ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ഹാളണ്ടിന് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ഗോളടി ഉത്സവമാക്കിയ താരം ഫിനിഷിങ് പൊസിഷനില്‍ മുടന്തുന്ന കാഴ്ച്ച ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. മത്സരത്തില്‍ കിട്ടിയ അവസരങ്ങളില്‍ മാത്രമാണ് ബോണ്‍മൗത്ത് സിറ്റി ഗോള്‍മുഖത്തേക്കെത്തിയത്. എല്ലാം അത്യുഗ്രന്‍ ശ്രമങ്ങളായിരുന്നെങ്കിലും ഗോള്‍ മാത്രം അവരില്‍ നിന്ന് അകലം പാലിച്ചു.
ന്യൂകാസിലിനെതിരെ ബുക്കായോ സാകാ നിറഞ്ഞാടിയ മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെയാണ് ആഴ്സണല്‍ സീസണിലെ 18-ാം ജയം സ്വന്തമാക്കിയത്. കളിക്ക് 18 മിനിറ്റെത്തിയപ്പോഴായിരുന്നു ആഴ്സണലിന്റെ ആദ്യ ഗോള്‍. സാകാ തൊടുത്ത മികച്ചൊരു കോര്‍ണര്‍ കിക്ക് പറന്ന് ചെന്ന് വീണത് ന്യൂകാസില്‍ ഗോള്‍ പോസ്റ്റിന്റെ ക്ലോസ് റേഞ്ചില്‍. ഗോളിയും പ്രതിരോധതാരങ്ങളും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ അത് ദാനഗോളായി മാറി. മാര്‍ട്ടിനെല്ലിയും കായ് ഹാവെര്‍ട്സും നടത്തിയ ചടുലവേഗത്തിലുള്ള ഒത്തിണക്കിത്തിന്റെ ഫലമായി അടുത്ത ആറ് മിനിറ്റിനുള്ളില്‍ രണ്ടാം ഗോള്‍.
കളിയിലുടനീളം ആഴ്സണലിന്റെ കളിയെ മുന്നില്‍ നിന്ന് നെയ്തെടുത്ത സൂപ്പര്‍ താരം സാകായുടെ കിടിലന്‍ ഫിനിഷിങ്ങോടെ 65-ാം മിനിറ്റില്‍ ടീം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍. നാല് മിനിറ്റിനകം യാക്കൂബ് കിവിയോര്‍ നേടിയ ഗോളോടെ മത്സരത്തില്‍ ആഴ്സണലിന്റെ സ്കോറിങ് പൂര്‍ത്തിയായി. ചാരുതയാര്‍ന്ന പാസിങ് ഗെയിമിനൊടുവില്‍ 84-ാം മിനിറ്റില്‍ ജോ വില്ലോക്ക് ഹെഡ്ഡറിലൂടെ ന്യൂകാസിലിന് ആശ്വാസ ഗോള്‍ നേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: