ബെംഗളൂരു: ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്നും കമ്പനി ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗത്തില്‍ പുറത്താക്കി. ബൈജൂസില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടാത്ത ആറ് വിദേശ കമ്പനികളാണ് ഈ അസാധാരണ പൊതുയോഗം വിളിച്ചുചേര്‍ത്തത്. ഇതില്‍ ഫെയ്സ് ബുക്കിന്റെ മാര്‍ക്ക് സക്കര് ബര്ഗിന് പങ്കാളിത്തമുള്ള കമ്പനിയും ഉള്‍പ്പെടും.
ഈ വിദേശനിക്ഷേപകകമ്പനികളോട് അടുപ്പമുള്ള ഓഹരിയുടമകള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് ബൈജു രവീന്ദ്രന് പറയുന്നു. മാത്രമല്ല, ഈ പൊതുയോഗത്തിന്റെ തീരുമാനത്തിനെതിരെ നേരത്തെ തന്നെ ബൈജു രവീന്ദ്രന് കര്‍ണ്ണാടക ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതിനാല്‍ തീരുമാനം ഉടനെ നടപ്പാകില്ല. അസാധാരണപൊതുയോഗത്തിനെതിരെ ബൈജു രവീന്ദ്രന് കര്‍ണ്ണാടക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി വാദം കേട്ട് വിധി പുറപ്പെടുവിക്കുന്നതുവരെ ബൈജൂസ് ഓഹരിയുടമകളുടെ പൊതുയോഗത്തിലെ തീരുമാനം സാധുവാകില്ല.
ഒരിയ്ക്കല്‍ വീരപരിവേഷമുണ്ടായിരുന്ന ബൈജു രവീന്ദ്രന് എന്ന ബിസിനസുകാരനെതിരെ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ യുദ്ധം ചെയ്യേണ്ടി വരുന്നത് എന്തായാലും ശുഭകരമല്ല. വളരെ കുറച്ച് ഓഹരിയുടമകള്‍ മാത്രം പങ്കെടുത്ത പൊതുയോഗം അസാധുവാണെന്ന് ബൈജൂസ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നു.
ബൈജു രവീന്ദ്രനും ഭാര്യയും അനുജനും ഈ പൊതുയോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്.
നിക്ഷേപകര്‍ സൂമിലൂടെയാണ് യോഗം ചേര്‍ന്നത്. ഒരു മണിക്കൂര്‍ മാത്രമാണ് യോഗം നീണ്ടത്. അതിനിടയില്‍ ഈ സൂം മീറ്റിംഗ് ഓണ്‍ലൈനായി തടസ്സപ്പെടുത്താനും ശ്രമമുണ്ടായതായി പറയുന്നു. പങ്കെടുത്ത ഓഹരി ഉടമകളെല്ലാം സിഇഒ സ്ഥാനത്ത് നിന്നും ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടതായി പറയുന്നു.
നല്ലൊരു ട്യൂഷന് മാസ്റ്ററായിരുന്ന ബൈജു രവീന്ദ്രന് പൊടുന്നനെയാണ് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആകര്‍ഷകവും രസകരവുമായ പാഠഭാഗങ്ങള്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിതിലൂടെ വലിയൊരു കമ്പനിയുടെ ഉടമയായി മാറിയത്. ഒരു സമയത്ത് 2200 കോടി ഡോളര്‍ വരെ ബൈജൂസിന്റെ മൂല്യം കണക്കാക്കിയിരുന്നു. കോവിഡ് കാലത്ത് ബിസിനസിന് അമിത വേഗത്തില്‍ ഇന്ത്യയിലെ എല്ലായിടത്തേക്കും വ്യാപിപ്പിക്കാന്‍ വന്‍ തുക ചെലവഴിച്ചിരുന്നു. പക്ഷെ കോവിഡ് കഴിഞ്ഞ് സ്കൂള്‍ തുറന്നതോടെ കോവിഡ് കാലത്തെ പ്രിയം ഇല്ലാതെപ്പോയി. ചില കമ്പനികള്‍ വന്‍ തുക നല്കി സ്വന്തമാക്കിയതും അബദ്ധമായി.
ചില ബോര്‍ഡ് അംഗങ്ങള്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒഴിഞ്ഞു പോയി. ബൈജു രവീന്ദ്രന് പിടിച്ചുനില്ക്കാന് സ്വന്തം വീടും കുടുംബാംഗങ്ങളുടെ വീടും പണയം വെച്ചു. വലിയ ഓഫീസ് ഒഴിഞ്ഞു. കമ്പനിയുടെ പുതിയ ഓഹരികള്‍ പണം സമാഹരിക്കാനായി 90 ശതമാനം വരെ കിഴിവില്‍ വിറ്റിരുന്നതായും പറയുന്നു.
ബൈജു നാട് വിട്ട് ദുബായില്‍ പോയെന്നും ഇല്ലെന്നും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇഡി
ഇതിനിടെ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ് വകവെയ്ക്കാതെ ബൈജു രവീന്ദ്രന് ബെംഗളൂരുവില്‍ നിന്നും ദുബായിലേക്ക് കടന്നതായി പറയുന്നു. ചിലര്‍ ഇത് നിഷേധിക്കുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന അസാധാരണ പൊതുയോഗത്തില്‍ ബൈജുവിനെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയാല്‍ ഇന്ത്യ വിട്ടുപോയേക്കുമെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് ആവശ്യപ്പെട്ടത്. 9362 കോടിയുടെ വിദേശനാണ്യ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് 2023 നവമ്പറില്‍ ഇഡി ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്റ് ലേണിന് നോട്ടീസയച്ചിരുന്നു.
വിദേശ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെതിരെ എന്‍സിഎല്‍ടിയെ സമീപിച്ചു
വിദേശ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെതിരെ എന്‍സിഎല്‍ടിയെ സമീപിച്ചു
ബൈജു രവീന്ദ്രന് അവകാശഓഹരിവിറ്റ് ധനസമാഹരണം നടത്തുന്നത് തടയണമെന്നും കമ്പനിയുടെ കുത്തഴിഞ്ഞ ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബൈജൂസില്‍ പണം മുടക്കിയ നാല് വിദേശ നിക്ഷേപകര്‍ ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. പ്രോസസ്, ജനറല്‍ അറ്റ്ലാന്റിക്, സോഫിന, പീക് 15 പാര്‍ട്നേഴ്സ് എന്നീ കമ്പനികളാണ് ബെംഗളൂരുവില്‍ എന്‍സിഎല്‍ടി ഓഫീസില്‍ പരാതി ഫയല്‍ ചെയ്തത്.
അവകാശ ഓഹരികള്‍ വിറ്റ് രണ്ട് കോടി ഡോളര്‍ പിരിച്ചതായി റിപ്പോര്‍ട്ട്
അവകാശ ഓഹരികള്‍ വിറ്റ് രണ്ട് കോടി ഡോളര്‍ പിരിച്ചതായി റിപ്പോര്‍ട്ട്
ഇതിനിടെ ബൈജൂസ് അവകാശ ഓഹരികള്‍ വിറ്റ് രണ്ട് കോടി ഡോളര്‍ പിരിച്ചതായി വാര്‍ത്തയുണ്ട്. കമ്പനിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഈ തുകയെന്ന് ബൈജു രവീന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: