ചേര്‍ത്തല: സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വട്ടക്കരി കൊടിയശ്ശേരില് ചന്ദ്രന്റെ മകന് ശ്യാം ജി. ചന്ദ്രനും മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി 7.40 ഓടെയാണ് മരിച്ചത്. ശ്യാമിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്ത സാഹചര്യത്തില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു ചികിത്സ.
തിങ്കളാഴ്ച ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപം പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ശ്യാമിന്റെ ഭാര്യ വെട്ടക്കല്‍ വലിയവീട്ടില്‍ ആരതി പ്രദീപ് (32) തിങ്കളാഴ്ച മരിച്ചിരുന്നു. അക്രമത്തില്‍ 90 ശതമാനം പൊള്ളലേറ്റിരുന്നു. ആരതിയുടെ മൊഴി അമ്പലപ്പുഴ മജിസ്ട്രേറ്റ് അനു ടി. തോമസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ശ്യാമിന്റെ മൊഴിയും മജസ്ട്രേറ്റ് രേഖപ്പെടുത്തി. ഇത് അന്വേഷണ ഇദ്യോഗസ്ഥര്ക്കു കൈമാറും. ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ വി. പ്രൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഏതാനും നാളുകളായി അകന്നു കഴിയുകയായിരുന്നു ഇരുവരും. തര്‍ക്കം സംബന്ധിച്ച് ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയിലും പട്ടണക്കാട് പോലീസിലും കേസുകള്‍ നിലവിലുണ്ട്. ശ്യാമിനെതിരെ പരാതിപ്പെട്ടതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനു മുമ്പും ശ്യാം ആരതിയെ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ശ്യാമിനെ അറസ്റ്റു ചെയ്തിരുന്നു. കോടതിയില്‍ നിന്നും ജാമ്യം കിട്ടി.
ആരതി ജോലി സ്ഥലത്തേക്കു വരുമ്പോഴാണ് ശ്യാം ഒളിച്ചിരുന്നശേഷം ആക്രമിച്ചത്. അക്രമത്തിനിടെ ശ്യാമിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ആരതിയുടെ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ശേഷം വെട്ടക്കലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മക്കള്‍: വിശാല്‍, സിയ. ശാന്തകുമാരിയാണ് അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: