ഗുവാഹത്തി: അടുത്ത ഇരുപത് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര മീറ്റുകളിൽ മികച്ച രീതിയിൽ മെഡൽ നേടുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഭാരതം മാറുമെന്ന് കേന്ദ്രകായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂർ. ഗുവാഹത്തിയിൽ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2023-ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താക്കൂർ.
യുവ കായിക താരങ്ങൾ പ്രത്യേകിച്ച് സർവ്വകലാശാല തലങ്ങളിൽ, അവരുടെ കായിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2029-ൽ യൂത്ത് ഒളിമ്പിക്സും 2036-ലെ സമ്മർ ഒളിമ്പിക്സും ആതിഥേയത്വം വഹിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. എന്നാൽ തങ്ങളുടെ ലക്ഷ്യം മെഗാ മത്സരങ്ങൾ മാത്രമല്ല മറിച്ച് മെഡൽ പട്ടികയിൽ മുന്നേറാനും ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2036-ഓടെ മെഡലുകളുടെ പട്ടികയിൽ ആദ്യ 10-ലും 2046-ഓടെ ആദ്യ അഞ്ചിലും ഭാരതം എത്തുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കായിക യുവജനകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഭൂരിഭാഗം കളിക്കാരും സർവ്വകലാശാലകളിൽ നിന്നുള്ളവരാണെന്നും സർവ്വകലാശാല തലം മുതൽ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ആരംഭിച്ചതെന്നും യുവാക്കളെ മികച്ച പ്രകടനം നടത്താൻ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നത് മെഡലുകൾക്കായുള്ള ഒരു വേദി എന്നതിലുപരി ഇത് ഐക്യത്തിന്റെയും കായിക മനോഭാവത്തിന്റെയും വ്യക്തിഗത വളർച്ചയുടെയും ആഘോഷമാണ് നിങ്ങൾ ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ച്ചാൽ ഭാവിയിൽ നിങ്ങൾക്ക് അന്താരാഷ്ട്ര മീറ്റുകളിൽ മികച്ച മെഡലുകൾ നേടാനും രാജ്യത്തിന് മഹത്വം കൊണ്ടുവരാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഐയുജിയുടെ ഈ പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന വടക്കുകിഴക്കൻ മേഖലയ്ക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്ന പ്രാധാന്യവും താക്കൂർ ഊന്നിപ്പറഞ്ഞു. ഭാരതത്തിൽ മെഗാ ഇൻ്റർനാഷണൽ സ്പോർട്സ് മീറ്റുകൾ നടക്കുമ്പോൾ, ഈ മേഖലയും ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
200 ലധികം സർവകലാശാലകളിൽ നിന്നുള്ള 4,500-ലധികം കായികതാരങ്ങൾ ഗെയിംസിന്റെ നാലാം പതിപ്പിൽ പങ്കെടുക്കുന്നു. പരമ്പരാഗത കായിക ഇനങ്ങളും മത്സരങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിന് പുറമെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മേഘാലയ, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ഫെബ്രുവരി 29ന് സമാപിക്കുന്ന ഗെയിംസിന്റെ നാലാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: