കേരളത്തിലെ ആടുകള്‍ക്ക് തമിഴ്നാട്ടില്‍ വന്‍ ഡിമാന്റ്. സാധാരണ ലഭിക്കുന്ന തുകയേക്കാള്‍ വലിയ തുക നല്‍കിയാണ് ആടിനെ വാങ്ങിക്കൊണ്ടുപോകുന്നത്.
ഇതോടെ കേരളത്തിലെ ആട്ടിറച്ചിയുടെ വില 750 രൂപയില്‍ നിന്നും 800 രൂപ മുതല്‍ 900 രൂപ വരെ ഉയര്‍ന്നു. തമിഴ്നാട്ടില്‍ ആടുഫാമുകള്ക്ക് സബ്സിഡി ഉള്‍പ്പെടെ ഒരു കോടി രൂപ വരെ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പദ്ധതി വന്നതോടെയാണ് കേരളത്തില്‍ നിന്നും തമിഴ്നാട്ടുകാര്‍ പറഞ്ഞ വിലയ്ക്ക് ആടിനെ വാങ്ങിക്കൊണ്ട് പോകുന്നത്.
തമിഴ്നാട്ടില്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം ലഭിക്കുന്നതിനാല്‍ സുഗമമായി ആട് ഫാം നടത്താം. കേന്ദ്ര സബ്സിഡി വാങ്ങാന്‍ വേണ്ടി കൂടുതല്‍ പേര് അവിടെ ആട് ഫാമിലേക്ക് കടന്നതോടെ ആട് ക്ഷാമം രൂക്ഷമായി. 475 പെണ് ആടുകളും 25 മുട്ടനാടുകളും ഉള്‍പ്പെടെ 500 ആടുകള്‍ ഉള്ള ഫാമുകള്‍ക്ക് മാത്രമാണ് സബ്സിഡി നല്‍കുക. ഇതോടെയാണ് തമിഴ്നാട്ടില്‍ നിന്നും ഇടനിലക്കാര്‍ കേരളത്തിലെ ആടുകളെ കണ്ണുവെച്ച് വരുന്നത്.
പണ്ട് രാഷ്ട്രീയ ഗോകുല്‍ മിഷന് എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. 200 പശുക്കള്‍ വരെ ഉള്ള ഫാമുകള്‍ക്ക് നാല് കോടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇക്കാലത്ത് കേരളത്തിലെ പശുക്കളെ വന്‍തോതില്‍ തമിഴ്നാട്ടിലേക്ക് ഇടനിലക്കാര്‍ കടത്തിയിരുന്നു. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ആടുകളുടെ കാര്യത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: