ബെംഗളൂരു: എക്സാലോജിക് കേസില്‍ വീണയ്ക്കെതിരേ കര്‍ണാടക ഹൈക്കോടതി വിധി വന്നതോടെ നിയമക്കുരുക്ക് മുറുകി.
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ എട്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയ നിര്‍ദേശം. വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തേ ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറുകയായിരുന്നു. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴിലെ ഏറ്റവുമുയര്‍ന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എസ്എഫ്ഐഒ.
വീണയുടെ കമ്പനി കൈപ്പറ്റിയ വന്‍തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. മുമ്പ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടിയപ്പോള്‍ ജിഎസ്ടി അടച്ച വിവരങ്ങള്‍ മാത്രമാണ് എക്സാലോജിക് കൈമാറിയിരുന്നത്.
ഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു, അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യമായ രേഖകള്‍ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്ഐഒയ്ക്ക് കൊടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കനത്ത തിരിച്ചടി. വീണയുടെ കമ്പനി എക്സാലോജിക് നല്കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സ്വകാര്യ കരിമണല്‍ കമ്പനി സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരേയായിരുന്നു എക്സാലോജിക് ഹര്‍ജി.
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകളില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന ചൂണ്ടിക്കാട്ടി. നേരത്തേ വിധി പറയാന്‍ മാറ്റിവച്ച ഹര്‍ജിയാണ് ഇന്നലെ പരിഗണിച്ചത്. കമ്പനിയുടെ പ്രമോട്ടറായ വീണയാണ് കേസില്‍ ആരോപണ വിധേയ. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സിഎംആര്‍എല്‍ ഇടപാടിലുണ്ടായെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ തെളിഞ്ഞതായി എസ്എഫ്ഐഒ കോടതിയെ അറിയിച്ചിരുന്നു.
വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് സിഎംആര്‍എല്‍ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറിയെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിലും ബോധ്യമായിട്ടുണ്ട്. ഇതില്‍ 1.72 കോടി രൂപ വീണയുടെ എക്സാലോജിക്കിന് സേവനമൊന്നും ചെയ്യാതെ കൊടുത്തതിനും തെളിവുണ്ടെന്ന് അഡീ. സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ കമ്പനികാര്യ നിയമ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങള്‍ പൂര്‍ണമായി സഹകരിച്ചിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കുന്നതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നായിരുന്നു എക്സാലോജിക് വാദം. കോടതിയില്‍ അവയൊന്നും വിലപ്പോയില്ല.
കമ്പനിക്കെതിരേ രണ്ടു സമാന്തര അന്വേഷണങ്ങളാണോയെന്ന് അറിയില്ലെന്നും എസ്എഫ്ഐഒ പോലെയുള്ള ഏജന്‍സിയില്‍ നിന്ന് അറസ്റ്റും മറ്റുമുണ്ടാകുമോയെന്ന് ആശങ്കയുണ്ടെന്നും എക്സാലോജിക്കിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ വിവിധ ഏജന്‍സികളുടെ അന്വേഷണ വലയിലുള്ള ഇടപാടുകളില്‍ സമഗ്രാന്വേഷണത്തിന് എസ്എഫ്ഐഒ പോലെ വിശാലാധികാരമുള്ള സംവിധാനം ആവശ്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉത്തരവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: