മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പഴയ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചില എംഎല്‍എമാരും ഭാരവാഹികളും ഇത് പിന്തുടരാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്‌ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാനാ പട്ടോളെയ്‌ക്ക് ചവാന്‍ രാജിക്കത്ത് സമര്‍പ്പിച്ചു.
ഞാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ രാജിവച്ചു. തിങ്കളാഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. മുന്‍ മുഖ്യമന്ത്രികൂടിയായിരുന്ന അശോക് ചവാനൊപ്പം നിരവധി എംഎല്‍എമാരും പാര്‍ട്ടി വിടുമെന്നാണ് സൂചന. അതേസമയം, ഈ നീക്കത്തെ വൃത്തികെട്ട രാഷ്‌ട്രീയ കളിയെന്ന് വിശേഷിപ്പിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അപലപിച്ചു.
1986 മുതല്‍ 1995 വരെ മഹാരാഷ്‌ട്ര പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു അശോക് ചവാന്‍. 1999 മുതല്‍ 2014 മെയ് വരെ മഹാരാഷ്‌ട്ര നിയമസഭയില്‍ മൂന്ന് തവണ സേവനമനുഷ്ഠിച്ചു. 2008 ഡിസംബര്‍ 8 മുതല്‍ 2010 നവംബര്‍ 9 വരെ അദേഹം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്നു.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ചവാന്‍ നന്ദേഡ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ല്‍ ബിജെപിയുടെ പ്രതാപ് പാട്ടീല്‍ ചിഖാലിക്കര്‍ സീറ്റ് നഷ്ടപ്പെട്ടു. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. ആദ്യം പോയത് സൗത്ത് മുംബൈ മുന്‍ എംപി മിലിന്ദ് ദിയോറയും തൊട്ടുപിന്നാലെ മുന്‍ എംഎല്‍എ ബാബ സിദ്ദിഖുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: